വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്ന് പി.സി. ജോര്‍ജിനോട് വനിതാ കമ്മീഷണന്‍

തിരുവനന്തപുരം: വനിതാ കമ്മീഷനെതിരെ പരാമര്‍ശം നടത്തിയ എംഎല്‍എ പി.സി. ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്‍. കമ്മീഷന് നേരെ വിരട്ടല്‍ വേണ്ടെന്ന് തുറന്നടിച്ച ജോസഫൈന്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ പദവി മറന്നുള്ളതാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രോസിക്യൂഷന്‍ നടപടികള്‍ക്കുള്ള കമ്മീഷന്റെ അധികാരം ഏട്ടില്‍ ഉറങ്ങാനുള്ളതല്ലെന്നും അവര്‍ വ്യക്തമാക്കി. വനിതാ കമ്മീഷന്‍ തന്നെ തൂക്കിക്കൊല്ലുമോ എന്നായിരുന്നു പി.സി.ജോര്‍ജ്ജിന്റെ പ്രതികരണം. വനിതാ കമ്മീഷന്‍ എന്ന് കേട്ടാല്‍ പേടിയാണെന്നും അല്‍പം ഉള്ളി കാട്ടിയാല്‍ കരയാമായിരുന്നു എന്നും പരിഹസിച്ച പി.സി ജോര്‍ജ് തനിക്ക് നോട്ടീസയച്ചാല്‍ സൗകര്യമുള്ള സമയത്ത് ഹാജരാകുമെന്നു പറഞ്ഞു. അവര്‍ ആദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടതെന്നുമുള്ള പ്രസ്താവനകളാണ് കമ്മീഷനില്‍ അമര്‍ഷം ഉളവാക്കിയത്. ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിനാണ് പി.സി ജോര്‍ജിനെതിരേ വനിതാ കമ്മീഷന്‍ നടപടി സ്വീകരിച്ചത്. അതിനെ തുടര്‍ന്നാണ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പി.സിയുടെ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്.

About the author

Related

JOIN THE DISCUSSION