വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കിയൊരു തീം പാര്‍ക്ക്‌

വയനാട്: വയനാട്ടിലെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ എത്തുന്നു ഇ 3 തീം പാര്‍ക്ക്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ തീം പാര്‍ക്ക് ഈ മാസം 30ന് പ്രവര്‍ത്തനമാരംഭിക്കും. തൊണ്ടര്‍നാട് പഞ്ചായത്തിലെ നിലോം പ്രദേശത്ത് 35 ഏക്കറിലായാണ് പാര്‍ക്ക് ഒരുങ്ങിയിരിക്കുന്നത്. മാനന്തവാടിയില്‍ നിന്നും 20 കിലോമീറ്ററും കല്‍പ്പറ്റയില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരവും സഞ്ചരിച്ചാല്‍ ഈ പാര്‍ക്കിലെത്താം. മുതിര്‍ന്നവര്‍ക്ക് 500 രുപയും കുട്ടികള്‍ക്ക് 400 രൂപയുമാണ് പ്രവേശന ഫീസ്. വിദ്യാര്‍ഥി സംഘങ്ങള്‍ക്ക് പ്രത്യേക ഇളവ് നല്‍കും.

പരിസ്ഥിതി, വിജ്ഞാനം, വിനോദം എന്നീ മൂന്ന് മേഖലകളെ ആധാരമാക്കി വെസ്‌റ്റേണ്‍ ഘാട്‌സ് ഗ്രീന്‍ ഇനീഷ്യേറ്റിവ് എല്‍.എല്‍.പിയാണ് ഇ3 പാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. സാധാരണക്കാരായ 300 പ്രവാസികള്‍ ഓഹരിയെടുത്ത് വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സംരംഭം ആരംഭിച്ചത്. ഒന്നാം ഘട്ടത്തില്‍ 75 കോടി രൂപയുടെ പദ്ധതി 55 കോടി രൂപക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും, എന്‍ജിനീയറിങ്,മാനേജ്മെന്റ്, ബിസിനസ് രംഗങ്ങളില്‍ ഇതൊരു പുതിയ മാതൃകയാണെന്നും, സി.ഇ.ഒയും ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലെ മുന്‍ വൈസ് പ്രസിഡന്റുമായ കെ വെങ്കിട രത്നം പറഞ്ഞു.

ഉത്തരവാദ വിനോദ സഞ്ചാരത്തിന്റെയും ഫാം ടൂറിസത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രാദേശിക വികസനത്തിനും തൊഴില്‍ അവസരങ്ങള്‍ക്കും വഴിയൊരുക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

22 ഇനം ദിനോ സോറുകളുടെ ദൃശ്യഭംഗിയൊരുക്കിയ ഡിനോ പാര്‍ക്ക് ഏറെ ആകര്‍ഷണീയമാണ്. മനുഷ്യ നിര്‍മിത തടാകവും പ്രകൃതിദത്ത കുളങ്ങളും ഒന്‍പത് മഴവെള്ള സംഭരണികളും ബോട്ടിങ്ങിനുള്ള സൗകര്യങ്ങളും കുട്ടികളുടെ പ്രത്യേക പാര്‍ക്കും ഇവിടെയുണ്ട്. സാഹസിക വിനോദ സഞ്ചാരികളെ ഉദ്ദേശിച്ച് അഡ്വഞ്ചര്‍ പാര്‍ക്കും ഫുഡ് കോര്‍ട്ടും തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ വിപണന കേന്ദ്രവും ഇതിനകത്തുണ്ട്.

ലോകാരോഗ്യ സംഘടനയുടെ നിലവാരം അനുസരിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പെറ്റ്‌സ് സൂ, രാജ്യത്തെ ആദ്യത്തെ മോസ് ഗാര്‍ഡന്‍, ആദ്യത്തെ വാക്ക് ഇന്‍ ഏവിയേരി, ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരവും നീളവും കൂടിയ സിപ്പ് ലൈന്‍, വയനാട്ടിലെ ആദ്യത്തെ മിനി മറൈന്‍ അക്വേറിയം, കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത വെള്ളച്ചാട്ടം, ആദിവാസി ഗോത്ര ജീവിതം അടുത്തറിയാനുള്ള ട്രൈബല്‍ വില്ലേജ് തുടങ്ങിയവയാണ് ഇ3 തീം പാര്‍ക്കിന്റെ സവിശേഷതകള്‍.

30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കും.

About the author

Related

JOIN THE DISCUSSION