കണ്ടിട്ടും കണ്ടിട്ടും പോരാതെ മഞ്ജുവും മോഹന്‍ലാലും; വില്ലനിലെ വീഡിയോ ഗാനം തരംഗമാവുന്നു

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം വില്ലനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മഞ്ജുവും മോഹന്‍ലാലും അഭിനയിക്കുന്ന കണ്ടിട്ടും കണ്ടിട്ടും എന്ന പാട്ടാണ് പുറത്തിറങ്ങിയത്. കെജെ യേശുദാസാണ് ഈ മനോഹര ഗാനം പാടിയത്.
മോഹന്‍ ലാലും മഞ്ജു വാര്യരും ഭാര്യയും ഭര്‍ത്താവുമായി പ്രത്യക്ഷപ്പെടുന്ന ഗാനം എഴുതിയിരിക്കുന്നത് ബി ഹരിനാരായണനാണ്. ഫോര്‍ മ്യൂസിക് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ബി.ഉണ്ണികൃഷ്ണന്‍ എഴുത്തും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് റോക്ക്‌ലൈന്‍ വെങ്കടേഷ് ആണ്. സാങ്കേതികതയില്‍ പുത്തന്‍ പരീക്ഷണങ്ങളുമായി എത്തുന്ന ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം ഏഴുകോടി രൂപയ്ക്ക് സൂര്യ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് മലയാളത്തിലെ പുതിയ റെക്കോഡായിരുന്നു. എന്തായാലും റിലീസിന് മുന്‍പേ ചിത്രം പണം വാരിത്തുടങ്ങി. 50 ലക്ഷം രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ജംഗലീ മ്യൂസിക് സ്വന്തമാക്കിയത്. ഹിന്ദി ഡബ്ബിങ് അവകാശത്തിലും വില്ലന്‍ റെക്കോര്‍ഡ് നേടിയിരുന്നു. മൂന്ന് കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് വിറ്റു പോയിരിക്കുന്നത്. ഇതുവരെ ഒരു മലയാള ചിത്രത്തിന്റെയും ഹിന്ദി ഡബ്ബിങ് റൈറ്റ്‌സിന് ഒരു കോടി രൂപ പോലും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് വില്ലന്‍ പുതിയ റെക്കോര്‍ഡ് നേടിയിരിക്കുന്നത്. ഇതോടെ വില്ലന്റെ പ്രീറിലീസ് കച്ചവടം പത്തര കോടി രൂപയായി ഉയര്‍ന്നു. 15 കോടി രൂപയുടെ പ്രീറിലീസ് കച്ചവടം നടത്തിയ പുലിമുരുകനുശേഷം മലയാളത്തില്‍ ഏറ്റവും വലിയ പ്രീറിലീസ് ലാഭം നേടിയ ചിത്രമായി മാറിയിരിക്കുകയാണ് വില്ലന്‍. ക്രൈം ത്രില്ലറായ ഈ ചിത്രത്തില്‍ മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും പുറമേ വിശാല്‍, ഹന്‍സിക, രാശി ഖന്ന, ശ്രീകാന്ത്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, അജു വര്‍ഗീസ് എന്നിവരും വേഷമിടുന്നുണ്ട്. ഒക്ടോബര്‍ 27ന് ചിത്രം തിയേറ്ററിലെത്തും.

About the author

Related

JOIN THE DISCUSSION