കുട്ടികള്‍ മരിച്ചതല്ല, വന്ദേമാതരമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമെന്ന് ടൈംസ് നൗ അവതാരക; ആഞ്ഞടിച്ച് സൈബര്‍ ലോകം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ആശുപത്രികയില്‍ ഓക്‌സിജന്‍ കിട്ടാതെ ശിശുക്കള്‍ മരിച്ച സംഭവമല്ല, വന്ദേമാതരമാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് ടൈംസ് നൗവിലെ അവതാരക നവിക കുമാര്‍. ആറുദിവസത്തിനിടെ 63 കുട്ടികളാണ് ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. ടൈംസ് നൗ ചാനലിലെ സംവാദത്തിനിടെ നവിക കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകയാണ് വിവാദ പരാമര്‍ശം നടത്തിയത്. വന്ദേമാതരം ചൊല്ലുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും അതിനിടയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം ഉയര്‍ത്തി ചര്‍ച്ച വഴിമാറ്റാന്‍ ശ്രമിക്കരുതെന്നും ചാനല്‍ അവതാരക. കഴിഞ്ഞ ദിവസം രാത്രിയില്‍ ചാനല്‍ ചര്‍ച്ചയിലായിരുന്നു നവികയുടെ ഈ വാക്കുകള്‍. ‘എന്തുകൊണ്ട് മദ്രസകളിലെ സ്വാതന്ത്ര്യദിന ആഘോഷം വീഡിയോയില്‍ പകര്‍ത്തിക്കൂടാ’ എന്ന വിഷയത്തിലായിരുന്നു ടൈംസ് നൗ ചര്‍ച്ച സംഘടിപ്പിച്ചത്. ചര്‍ച്ചയ്ക്കിടയില്‍ ഒരു പാനലിസ്റ്റ് ഉത്തര്‍പ്രദേശിലെ കുട്ടികളുടെ മരണം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് നവിക ഇതിനോട് പ്രതികരിച്ചത് രൂക്ഷമായാണ്. ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വന്ദേമാതരത്തെ കുറിച്ചാണ്. ഗോരഖ്പൂരിലെ കുട്ടികളുടെ മരണം ഉയര്‍ത്തിക്കൊണ്ടുവന്ന് ചര്‍ച്ച വഴിതിരിച്ചു വിടാനാണ് നിങ്ങളുടെ ശ്രമം. നവിക ആക്രോശിച്ചു. എന്നാല്‍ അവതരകയുടെ പരാമര്‍ശത്തോട് മാധ്യമപ്രവര്‍ത്തകനായ രജദീപ് സര്‍ദേശായി പ്രതികരിച്ചത്’ മാധ്യമങ്ങളെ ദൈവം സഹായിക്കട്ടെ’ എന്ന പരിഹാസത്തോടെയാണ.് നവികയുടെ പ്രതികരണത്തോട് ആഞ്ഞടിച്ച് സൈര്‍ലോകവും രംഗത്തെത്തി. പിഞ്ചുകുഞ്ഞുങ്ങളെ ദാരുണമായ മരണത്തിലും താങ്കള്‍ക്ക് എങ്ങനെ ഇത്തരത്തില്‍ പ്രതികരിക്കാനാകുന്നെന്നും താങ്കള്‍ ഒരു മാധ്യമപ്രവര്‍ത്തകയും സ്ത്രീയുമാണോയെന്നുമാണ് ചിലരുടെ ചോദ്യം. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മരിക്കാന്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമല്ലാതെ മറ്റേതെങ്കിലും സ്ഥലം കിട്ടിയില്ലേ എന്നുപോലും ആ രക്ഷിതാക്കളോട് നവിക കുമാര്‍ ചോദിച്ചുകളയുമോ എന്നാണ് താന്‍ ഭയപ്പെടുന്നതെന്നും മറ്റൊരാള്‍ പറയുന്നു. ഖോരക്പൂരിലെ അപകടത്തെ കുറിച്ച് പറഞ്ഞ് ജനങ്ങളെ പരിഭ്രാന്തരാക്കേണ്ടെന്ന് പറഞ്ഞ് വന്ദേമാതരം ചര്‍ച്ച ചെയ്യാനുള്ള നിലയിലേക്കാണ് മാധ്യമങ്ങളുടെ പോക്കെങ്കില്‍ അവരെ രക്ഷിക്കാന്‍ ദൈവത്തിന് പോലും കഴിയില്ലെന്നാണ് മറ്റുചിലരുടെ പ്രതികരണം.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ കമ്പനിക്ക് 66ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും ഇതേത്തുടര്‍ന്നാണ് ഓക്‌സിജന്‍ വിതരണം ചെയ്യാതിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

About the author

Related

JOIN THE DISCUSSION