ജനരോഷം കത്തുന്നു; യോഗി ആദിത്യനാഥും ആരോഗ്യമന്ത്രിയും ഗോരഖ്പൂര്‍ ആശുപത്രിയിലെത്തി

ഗോരഖ്പൂര്‍: ഓക്‌സിജന്‍ കിട്ടാതെ 70 കുട്ടികള്‍ മരിച്ച ഗോരഖ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയും സന്ദര്‍ശനം നടത്തി. ശിശുമരണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യോഗി. കേന്ദ്രസര്‍ക്കാര്‍ എല്ലാവിധപിന്തുണയും നല്‍കുന്നുണ്ട്. കുഞ്ഞുങ്ങള്‍ മരിക്കാനിടയായി സംഭവത്തെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ആശുപത്രിക്കകത്ത് ചെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിജസ്ഥിതികള്‍ മനസിലാക്കണം. മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ തടയരുതെന്നും യോഗി വ്യക്തമാക്കി. ജപ്പാന്‍ ജ്വരത്തിന്റെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുത്തിരുന്നു. ഉത്തര്‍പ്രദേശില്‍ ഇനി കുഞ്ഞുങ്ങള്‍ മരിച്ചുവീഴാന്‍ താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്പറഞ്ഞു. യുപിയില്‍ ധാരാളം കുട്ടികള്‍ മരിച്ചുവീഴുന്നത് കണ്ടയാളാണ് താന്‍. അത് തുടര്‍ന്നും സംഭവിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷം ആശുപത്രിക്ക് പ്രത്യേക പരിഗണന നല്‍കിയതായും യോഗി പറഞ്ഞു. ആശുപത്രി അധികൃതരുടെ വീഴ്ച കൊണ്ട് ഗൊരഖ്പൂരിലെന്നല്ല യുപിയില്‍ എവിടെയും മരണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനരോഷം ഭയന്ന് വന്‍ പോലീസ് സന്നാഹത്തെയാണ് ആശുപത്രിയില്‍ വിന്യസിച്ചിരിക്കുന്നത്. വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ആശുപത്രിയില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിന്റെ ചുമതല രാജ്കിയ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ പികെ സിംഗിനെ ഏല്‍പ്പിച്ചു. ഓക്‌സിജന്‍ പ്രശ്‌നം കാരണമല്ല കുട്ടികള്‍ മരിച്ചതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍.

About the author

Related

JOIN THE DISCUSSION