സോളാര്‍ അഴിമതി: ഉമ്മന്‍ ചാണ്ടിക്കെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

സോളാര്‍ അഴിമതിക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളെ കബളിപ്പിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഭ്യന്തരവിജിലന്‍സ് മന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസില്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ ചാണ്ടിയെ രക്ഷപെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും സോളാര്‍ കേസിലെ പ്രധാന ഉത്തരവാദികളാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട രേഖകള്‍ പരിശോധിച്ചിട്ടില്ല. അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും. സെപ്തംബര്‍ 26 നാണ് കമ്മീഷന്‍ ആധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് ജി ശിവരാജന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, അഡ്വക്കേറ്റ് ജനറല്‍ എന്നിവരോട് നിയമോപദേശം തേടുകയായിരുന്നു.

About the author

Related

JOIN THE DISCUSSION