സിസ്റ്റര്‍ അഭയക്കേസ് ബോളിവുഡില്‍ സിനിമയാകുന്നു; ചുരുളഴിയാത്ത രഹസ്യങ്ങള്‍ പുറത്തു വന്നേക്കും

ഏറെ കോളിളക്കം സൃഷ്ടിക്കുകയും കത്തോലിക്കാ സഭയെ പിടിച്ചുലയ്ക്കുകയും ചെയ്ത സിസ്റ്റര്‍ അഭയക്കേസ് ബോളിവുഡില്‍ സിനിമയാകുന്നു. സിസ്റ്റര്‍ അഭയയുടെ ഘാതകരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍
കഴിഞ്ഞ 25 വര്‍ഷമായി ജോമോന്‍ പുത്തന്‍പുരക്കല്‍ നടത്തിയ നിരന്തര നിയമ പോരാട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥാ പുസ്തകമായ അഭയ കേസ് ഡയറി അടിസ്ഥാനമാക്കിയാണ് തിരക്കഥ. പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍, ജോമോന്‍ പുത്തന്‍പുരയ്ക്കലായി വെള്ളിത്തിരയിലെത്തും. അഭയക്കേസില്‍ ജോമോന്‍ നടത്തിയ നിയമ പോരാട്ടം ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണെന്ന് ബോളീവുഡ് സിനിമ നിര്‍മ്മാണ കമ്പനിയുടെ റിസര്‍ച്ച് വിഭാഗംകണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ജോമോന്റെ നിയമ പോരാട്ടം സിനിമയാക്കാന്‍ തീരുമാനിച്ചത്.
ബോളിവുഡ് നിര്‍മ്മാതാവായ ആദിത്യ ജോഷി കഴിഞ്ഞ പത്ത് ദിവസമായി കൊച്ചിയില്‍ തങ്ങി ജോമോനുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഒക്ടോബര്‍ 31ന് കമ്പനിയുമായി കരാര്‍ ഒപ്പു വയ്ക്കുമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഷൂട്ടിങ് ആരംഭിക്കും. കേരളത്തില്‍ തന്നെയാകും ചിത്രീകരണം നടക്കുക. അഭയകേസ് വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രൈം ഫയല്‍ എന്ന പേരില്‍ മലയാളത്തില്‍ വെള്ളിത്തിരയില്‍ എത്തിയിരുന്നു. ബോളിവുഡ് സിനിമ പുറത്തുവരുന്നതോടെ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച അഭയക്കേസിലെ ചുരുളഴിയാത്ത രഹസ്യങ്ങളും, നിര്‍ണ്ണായക സംഭവങ്ങളും അറിയാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

About the author

Related

JOIN THE DISCUSSION