ഗവര്‍ണ്ണറുടെ പ്രസംഗ വേദി പൂര്‍ണ്ണമായും തട്ടിയെടുത്ത് ആംഗ്യഭാഷ പരിഭാഷകന്‍ ; പിന്നാലെ അഭിനന്ദന പ്രവാഹങ്ങളുമായി സമൂഹ മാധ്യമങ്ങള്‍

ഫ്‌ളോറിഡ: പല പ്രസംഗ വേദികളിലും പരിഭാഷകര്‍ മറ്റുള്ളവരുടെ പരിഹാസത്തിനിരയാവാറുണ്ട്.  ദേശീയ നേതാക്കളുടെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പ്രസംഗങ്ങള്‍ സ്വന്തം ഭാഷയിലാക്കാന്‍ പല പരിഭാഷകരുടെയും ശ്രമങ്ങള്‍ കണ്ടാല്‍ ചിരിച്ച് നടുവുളുക്കും. കേരളത്തിലും ഇതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്. എന്നാല്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഗവര്‍ണ്ണറുടെ പ്രസംഗം ബധിരന്‍മാര്‍ക്കും മൂകന്‍മാര്‍ക്കും മനസ്സിലാക്കി നല്‍കാനായി ചുമതലപ്പെടുത്തിയ ആംഗ്യഭാഷ പരിഭാഷകന്റെ മുഖത്തും കയ്യിലും മിന്നി മറഞ്ഞ ഭാവങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.ഇര്‍മ്മ ചുഴലിക്കാറ്റ് വീശിയടിക്കാനുള്ള സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ആംഗ്യ പരിഭാഷകന്റെ പ്രകടനം. കണ്ണും കവിളും വികസിപ്പിച്ചും കൈകള്‍ ഉയര്‍ത്തിയുമുള്ള അദ്ദേഹത്തിന്റെ പരിഭാഷ കണ്ട് നിന്നവരില്‍ ഏറെ കൗതുകം ജനിപ്പിച്ചു. വാര്‍ത്ത സമ്മേളനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ഇതിന്റെ ദൃശ്യങ്ങള്‍ സമുഹ മാധ്യമങ്ങള്‍ വഴി അമേരിക്കയിലെങ്ങും പ്രചരിക്കാന്‍ തുടങ്ങി.ഗവര്‍ണ്ണറുടെ കൈയില്‍ നിന്നും വാര്‍ത്ത സമ്മേളനം പൂര്‍ണ്ണമായും പരിഭാഷകന്‍ തട്ടിയെടുത്തതായി പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ പരിഭാഷകന്‍ ഇടയ്ക്ക് വായ കൊണ്ട് വ്യത്യസ്തമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചത് കൊണ്ട് ഗവര്‍ണ്ണറുടെ പ്രസംഗം പൂര്‍ണ്ണമായും കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു ചിലരുടെ അഭിപ്രായം. അതേസമയം ഭൂരിഭാഗം പേരും പരിഭാഷകന്‍ തന്റെ തൊഴിലിനോട് കാണിച്ച ആത്മാര്‍ത്ഥതയെ അഭിനന്ദിച്ചു. മഹാമാരികള്‍ പോലുള്ള ഭയാനകമായ സംഭവങ്ങള്‍ ആംഗ്യഭാഷയില്‍ പരിഭാഷപ്പെടുത്തുമ്പോള്‍ ഇത്തരത്തിലുള്ള അമിത പ്രകടനം നടത്തിയാലെ ഇതിന്റെ ഭീകരത എളുപ്പം ഉള്‍ക്കൊള്ളാന്‍ ബധിരര്‍ക്ക് ആവുകയുള്ളുവെന്ന് പരിഭാഷകന്‍ പിന്നീട് വിശദീകരിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ ഈ രീതിയാണ് അവലംബിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

About the author

Related

JOIN THE DISCUSSION