തത്സമയ വാര്‍ത്തക്കിടെ ട്രക്ക് ഡ്രൈവറുടെ ജീവന്‍ രക്ഷിച്ച് റിപ്പോര്‍ട്ടറും ക്യാമറാമാനും

ടെക്‌സാസ് : ഹൂസ്റ്റണില്‍ ഹാര്‍വേ ചുഴലിക്കാറ്റും കനത്ത മഴയും വ്യാപക നാശനഷ്ടങ്ങള്‍ക്കിടയാക്കിയിരുന്നു. ഇത് തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വനിതാ മാധ്യമ പ്രവര്‍ത്തകയും ക്യാമറാമാനും ഒരു ട്രക്ക് ഡ്രൈവറുടെ ജീവന്‍ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. വെള്ളത്തില്‍ മുങ്ങിയ ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെയാണ് കെഎച്ച്ഒയു 11 ചാനലിന്റെ റിപ്പോര്‍ട്ടര്‍ ബ്രാന്‍ഡി സ്മിത്തും ക്യാമറാമാന്‍ മരിയോ സാന്‍ഡോവലും രക്ഷിച്ചത്. പ്രകൃതിക്ഷോഭത്തെക്കുറിച്ച് തത്സമയ റിപ്പോര്‍ട്ട് നല്‍കുന്നതിനിടെയാണ് വെള്ളത്തില്‍ താഴ്ന്ന ലോറിയില്‍ ഡ്രൈവര്‍ കുടുങ്ങിക്കിടക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്.10 അടി വെള്ളത്തിലാണ് ലോറിയുള്ളത്. പൊടുന്നനെയാണ് രക്ഷാപ്രവര്‍ത്തകരുടെ വാഹനം അതുവഴി കടന്നുപോയത്. താന്‍ റിപ്പോര്‍ട്ടിംഗിലാണെന്ന കാര്യം മറന്ന് ബ്രാന്‍ഡി വാഹനത്തിന് കൈകാണിക്കുകയും പിന്നാലെ കുതിക്കുകയും ചെയ്തു.തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെ വിവരം ധരിപ്പിച്ചു. ലോറി ഡ്രൈവറെ രക്ഷിക്കണമെന്ന് സ്മിത്ത് ആവശ്യപ്പെട്ടു. ചാനല്‍ പ്രവര്‍ത്തകരുടെ ഈ രക്ഷാ പ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ പ്രേക്ഷകര്‍ തത്സമയം കാണുന്നുണ്ടായിരുന്നു.ഇതോടെ രക്ഷാപ്രവര്‍ത്തകര്‍ ബോട്ടുമായെത്തി ട്രക്ക് ഡ്രൈവറെ രക്ഷിച്ചു. ഇദ്ദേഹം മാധ്യമസംഘത്തോട് നന്ദി രേഖപ്പെടുത്തി. ഈ രക്ഷാ പ്രവര്‍ത്തന വീഡിയോ കണ്ട് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഈ വാര്‍ത്താ സംഘത്തിന് അഭിനന്ദനങ്ങള്‍ എത്തുകയാണ്.

About the author

Related

JOIN THE DISCUSSION