ലോക്കറുകളില്‍ സൂക്ഷിച്ചവ കളഞ്ഞുപോയാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി : ലോക്കറില്‍ സൂക്ഷിക്കുന്നവ നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കുന്നത്.19 പൊതുമേഖലാ ബാങ്കുകളും ഇതേ വാദം തന്നെ വിശദീകരിക്കുന്നു.ലോക്കര്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ തന്നെ ഈ വ്യവസ്ഥയുണ്ടെന്ന് ആര്‍ബിഐ ഓര്‍മ്മിപ്പിക്കുന്നു. ഇതു വായിച്ച് ഇടപാടുകാരന്‍ ഒപ്പുവെയ്ക്കുമ്പോഴാണ് ലോക്കര്‍ അനുവദിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.സ്വകാര്യ ബാങ്കുകളിലെ വ്യവസ്ഥയും ഇത്തരത്തിലാണ്. മോഷണം, കവര്‍ച്ച, കലാപം, ഇടിമിന്നല്‍, ഭൂമികുലുക്കം,വെള്ളപ്പൊക്കം,തീപ്പിടിത്തം തുടങ്ങിയവ കാരണം വസ്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയായാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടാകില്ലെന്നാണ് വ്യവസ്ഥകളില്‍ പറയുന്നത്.ബാങ്കുകളുടെ ലോക്കറില്‍ പ്രധാന വസ്തുക്കള്‍ സൂക്ഷിക്കുകയാണെങ്കില്‍ അത് ഏതെങ്കിലും വിധേന കളഞ്ഞുപോയാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ചുരുക്കം. അതേസമയം ആര്‍ബിഐയുടെയും ബാങ്കുകളുടെയും ഈ വ്യവസ്ഥയ്‌ക്കെതിരെ രോഷം ശക്തമാകുന്നുണ്ട്.ലോക്കറിന് ബാങ്കുകല്‍ വാടക ഈടാക്കുന്നുണ്ട്. ചെറുനഗരങ്ങളില്‍ ഇത് പ്രതിവര്‍ഷം ആയിരം രൂപയാണെങ്കില്‍ മെട്രോ നഗരങ്ങളില്‍ ലോക്കറിന്റെ വലിപ്പമനുസരിച്ച് പതിനായിരം വരെ ഈടാക്കുന്നുണ്ട്.അത്തരത്തില്‍ ഉപഭോക്താവിനെ പിഴിയുമ്പോള്‍ സൂക്ഷിക്കുന്ന വസ്തുവിന് ഉത്തരവാദിത്വം ഇല്ലെന്ന് പറയുന്നത് അധാര്‍മ്മികമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

About the author

Related

JOIN THE DISCUSSION