ഹര്‍മന്‍പ്രീതിന്റെ മാതാപിതാക്കളെ ഗുര്‍മീത് കുടുക്കി; സാരിയുടുക്കാനറിയാതെ കുഴങ്ങി ഹര്‍മനും

വനിതാ ലോകകപ്പോടെ സൂപ്പര്‍ താരമായി മാറിയ ഹര്‍മന്‍പ്രീത് അര്‍ജുന അവാര്‍ഡ് വാങ്ങുന്നത് കണ്‍കുളിര്‍ക്കെ കാണാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചില്ല. ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മോഗയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതാണ് ചടങ്ങിനെത്താമെന്ന ഹര്‍മന്‍പ്രീതിന്റെ മാതാപിതാക്കളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. തയാറെടുപ്പുകള്‍ നടത്തി യാത്രയ്ക്കായി കാത്തിരിക്കുകയായിരുന്നു ആ കുടുംബം. മകള്‍ അര്‍ജുന ഏറ്റുവാങ്ങുന്നത് കാണാന്‍, രാജ്യത്തിന്റെ അഭിമാനമാകുന്നത് കാണാന്‍, അതിനായി വസ്ത്രങ്ങള്‍ വരെ എടുത്തു. ഒടുവില്‍ ആള്‍ശെദവത്തിനായി അനുയായികള്‍ തെരുവില്‍ തേരോട്ടം നടത്തിയപ്പോള്‍, അഴിഞ്ഞാടിയപ്പോള്‍ ഈ കുടുംബത്തിന്റെ ഒരിക്കല്‍ മാത്രം കിട്ടാന്‍ കഴിയുന്ന ആ ഭാഗ്യത്തെ തച്ചുടച്ചു. അവരുടെ അഭാവം തീര്‍ച്ചയായും എനിക്ക് അനുഭവപ്പെടുമെന്ന് താരം അര്‍ജുന ഏറ്റുവാങ്ങുന്നതിനു മുന്‍പ് തുറന്നു പറഞ്ഞിരുന്നു. പിന്നാലെ മകള്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് അവര്‍ ടിവിയിലാണ് കണ്ടത്. വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചത് പ്രീതിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. കളിക്കളത്തില്‍ വാശിയോടെ ബോളുകളെ ബൗണ്ടറി പായിക്കുന്ന താരം ചടങ്ങിനുടുക്കേണ്ട ആറുമീറ്റര്‍ സാരിക്ക് മുമ്പില്‍ കീഴടങ്ങിയതും ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. സ്ഥിരമായി ജീന്‍സ് ധരിക്കുന്ന ഹര്‍മന്‍ ഔദ്യോഗികമായി ധരിക്കേണ്ട ചുവന്ന പട്ടുസാരി ധരിക്കാനറിയാതെ കുഴങ്ങി. ഒടുവില്‍ ഹര്‍മനൊപ്പം അര്‍ജുന നേടിയ ബാസ്‌ക്കറ്റ് ബോള്‍ താരം പ്രശാന്തി സിങ്ങിന്റെ അമ്മയാണ് ഹര്‍മനെ സാരിയുടുക്കാന്‍ സഹായിച്ചത്. ഹര്‍മന്‍പ്രീത് കഴിഞ്ഞ ചെവ്വാഴ്ചയാണ് അര്‍ജുനാ തിളക്കം പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ കൈയില്‍ നിന്നും ഏറ്റുവാങ്ങിയത്.

About the author

Related

JOIN THE DISCUSSION