പ്രശ്‌ന പരിഹാരത്തിന് ഖത്തര്‍-സൗദി ഭരണാധികാരികളുടെ ചര്‍ച്ച;പിന്നാലെ ഖത്തറിനെ കടന്നാക്രമിച്ച് സൗദി

ദോഹ : ഗള്‍ഫ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍-സൗദി ഭരണാധികാരികള്‍ ചര്‍ച്ച നടത്തി. ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍താനിയും സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനും വെള്ളിയാഴ്ച ഫോണിലൂടെയാണ് ആശയവിനിമയം നടത്തിയത്. ഖത്തറിനെതിരായ ഉപരോധം പ്രഖ്യാപിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഇരു ഭരണാധികാരികളും ബന്ധപ്പെടുന്നത്.കഴിഞ്ഞ 3 മാസമായി ഖത്തര്‍ ഉപരോധം നേരിടുകയാണ്. നയതന്ത്ര പ്രശ്‌നത്തില്‍ ശാശ്വത പരിഹാരത്തിനായി ഇരു നേതാക്കളും താല്‍പ്പര്യം പ്രകടിപ്പിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇരു രാജ്യങ്ങളുടെ മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കിയിരുന്നു.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ആശയവിനിമയത്തിന് കളമൊരുങ്ങിയതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി പറയുന്നു. ട്രംപ് ഇരു നേതാക്കളുമായും ചര്‍ച്ച നടത്തിയെന്ന് ബിബിസിയും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഖത്തറിനെതിരെ കടന്നാക്രമണവുമായി സൗദി ഭരണകൂടം രംഗത്തെത്തിയത്. ആശയ വിനിമയത്തിലെ വസ്തുതകള്‍ ഖത്തര്‍ വളച്ചൊടിച്ചെന്നാണ് സൗദിയുടെ ആരോപണം. കൂടാതെ ചര്‍ച്ച ഗൗരവമായി എടുത്തില്ലെന്നും സൗദി കുറ്റപ്പെടുത്തി. ഒത്തുതീര്‍പ്പിന് സൗദി മുന്‍കൈയ്യെടുത്തെന്ന തരത്തിലുള്ള ഖത്തറിന്റെ പ്രതികരണമാണ് സൗദി അറേബ്യന്‍ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്.

About the author

Related

JOIN THE DISCUSSION