നാദിര്‍ഷയ്ക്കും കുരുക്ക് മുറുകുന്നു; തനിക്ക് താരം 25000 രൂപ തന്നിട്ടുണ്ടെന്ന് സുനി പൊലീസിനോട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷയ്‌ക്കെതിരേ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ നിര്‍ണായക മൊഴി. കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുത്തപ്പോഴാണ് നാദിര്‍ഷയ്‌ക്കെതിരായ വിവരങ്ങള്‍ സുനി പോലീസിന് നല്‍കിയത്. നടിയെ ആക്രമിക്കുന്നതിന് മുമ്പ് നാദിര്‍ഷയില്‍ നിന്ന് താന്‍ പണം വാങ്ങിയിരുന്നുവെന്ന് സുനി പറഞ്ഞു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തി 25000 രൂപ വാങ്ങിയതായാണ് സുനി പൊലീസിന് മൊഴി നല്‍കിയത്. ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് നാദിര്‍ഷ പണം നല്‍കിയതെന്നും സുനി പറയുന്നു. നാദിര്‍ഷയുടെ മാനേജറാണ് പണം തനിക്ക് നല്‍കിയതെന്നും സുനി പറഞ്ഞു. സുനി തൊടുപുഴയിലെത്തിയതിന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ മൊഴി മുന്‍നിര്‍ത്തി നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല. നാദിര്‍ഷായുടെ അറിവോടെയാണോ പണം കൈമാറിയതെന്ന് സ്ഥിരീകരിക്കുന്നതിനാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം നടത്തിയത്. എന്നാല്‍, പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയാണ് നാദിര്‍ഷാ ചെയ്തത്. ദീലിപീന്റെ നിര്‍ദ്ദേശപ്രകാരം പള്‍സര്‍ സുനിക്ക് 25,000 രൂപ നല്‍കിയെന്ന് മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിച്ചതായി അദ്ദേഹം ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരന്നു. ഈ ഹര്‍ജി പിന്നീടു പരിഗണിക്കാനായി കോടതി മാറ്റിവച്ചിരിക്കുകയാണ്. അതേസമയം കേസുമായി ബന്ധപ്പെട്ട് ദിലീപ് നാളെ വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നത്.

About the author

Related

JOIN THE DISCUSSION