പ്രണവ് പാര്‍ക്കൗര്‍ പരിശീലനത്തില്‍

പ്രണവ് പാര്‍ക്കൗര്‍ പരിശീലനത്തില്‍

ജീത്തു ജോസഫ് ചിത്രത്തിലൂടെ നായകനാകുന്ന പ്രണവ് മോഹന്‍ലാല്‍ പാര്‍ക്കൗര്‍ പരിശീലനത്തില്‍. അരങ്ങേറ്റം നിരാശപ്പെടുത്തുന്നതായിരിക്കരുതെന്ന് നിര്‍ബന്ധമുള്ളതിനാല്‍ പ്രണവ് കഠിന പരിശീലനത്തിലെന്ന് മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ അരങ്ങേറ്റത്തിനായി മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം ജീത്തു ജോസഫിന്റെ ചിത്രത്തിലൂടെയാണ് പ്രണവ് നായകനായെത്തുന്നത്. പ്രണവിന്റെ സിനിമ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മോഹന്‍ലാല്‍ മനസ്സു തുറന്നു. നായകനായി അരങ്ങേറാനുള്ള കഠിന പ്രയത്‌നത്തിലാണ് പ്രണവ്. ജീത്തുവിന്റെ ചിത്രത്തിനായി ശാരീരിക അഭ്യാസമായ പാര്‍ക്കൗര്‍ പരിശീലനത്തിലാണ് മകനിപ്പോള്‍. ചിത്രത്തില്‍ പ്രണവിന് ഏറെ പ്രതീക്ഷയുണ്ട്. അരങ്ങേറ്റം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതായിരിക്കരുതെന്ന് പ്രണവിന് നിര്‍ബന്ധമുണ്ടെന്നും ലാല്‍ വ്യക്തമാക്കി. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍.pranav-mohanlal-nyusu ഓടിയും ചാടിയും വലിയ കെട്ടിടത്തില്‍ പിടിച്ച് കയറിയുമൊക്കെ മുന്നിലുള്ള തടസ്സങ്ങളെ തരണം ചെയ്യുന്ന അഭ്യാസ മുറയാണത്. സാഹസികതയും വേഗതയും ശാരീരിക ക്ഷമതയും അതിന് ഏറെ ആവശ്യമാണ്. ജിംനാസ്റ്റിക്‌സ്, റോക്ക് ക്ലൈംബിംഗ്,സ്‌കൈ ഡൈവിംഗ്, തുടങ്ങിയവയില്‍ പ്രാവീണ്യമുള്ളതിനാല്‍ പ്രണവിന് പാര്‍ക്കൗര്‍ എളുപ്പമായിരിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു. 2002 ല്‍ മികച്ച ബാലനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് പ്രണവിന്. രണ്ട് ചിത്രങ്ങളില്‍ ജീത്തുവിന്റെ അസിസ്റ്റന്റായും പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ എന്ന സമ്മര്‍ദ്ദം പ്രണവിനുണ്ടോ എന്ന ചോദ്യത്തിന് തന്റെ മകനായത് കൊണ്ട് മാത്രം അഭിനയിക്കാന്‍ അറിയണമെന്നില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *