വണ്ടി ബ്രേക്കിട്ടു, ബാലന്‍സ് കിട്ടിയില്ല; കൊളംബിയ സന്ദര്‍ശനത്തിനിടെ പോപ് ഫ്രാന്‍സിസിന് പരിക്ക്

ബൊഗോട്ട: കൊളംബിയിന്‍ നഗരമായ കാര്‍ട്ടാഗനയില്‍ കാത്തുനിന്നവര്‍ക്ക് മുന്നിലേക്ക് മാര്‍പാപ്പ എത്തിയത് തിരുവസ്ത്രത്തിലും മുഖത്തും ചോരപ്പാടുകളുമായി. അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വശങ്ങളിലുള്ള ചില്ല് പാനലില്‍ തല ഇടിച്ച് പരിക്കേല്‍ക്കുകയായിരുന്നു. പരിക്ക് നിസാരമാണ്. ജനങ്ങളെ അഭിസംബോധന ചെയ്ത് നീങ്ങുന്നതിനിടെ ബാലന്‍സ് നഷ്ടപെട്ട് പ്രത്യേക വാഹനമായ പാപ്പാ മൊബീലിന്റെ വശത്തുള്ള കമ്പിയില്‍ തലയിടിക്കുകയായിരുന്നു. മുഖത്തിന്റെ ഇടതുഭാഗമാണ് കമ്പിയില്‍ ഇടിച്ചത്. കണ്‍പോളയ്ക്കും കവിളിനും ക്ഷതമേറ്റിട്ടുണ്ട്. ഐസ് ഉപയോഗിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. ഇടതുകണ്ണ് വീങ്ങിയ നിലയിലാണ് അദ്ദേഹം പര്യടനം തുടര്‍ന്നത്.
പരിക്ക് ഗൗരവമുള്ളതല്ലെന്ന് പോപ് ഫ്രാന്‍സിസിന്റെ വക്താവ് അറിയിച്ചു. പോപിന്റെ പരിപാടികളില്‍ മാറ്റംവരുത്തിയിട്ടിലെന്നും അദ്ദേഹം വ്യക്തമാക്കി. കൊളംബിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പാവങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ സമര്‍പ്പണത്തിന് എത്തിയപ്പോഴായിരുന്നു അപകടം. ജനത്തിരക്കിനിടയില്‍ വാഹനം പെട്ടെന്നു നിര്‍ത്തിയപ്പോള്‍ പോപിന്റെ തല വാഹനത്തിന്റെ ചില്ല് പാനലില്‍ ഇടിക്കുകയായിരുന്നു. കൊളംബിയയില്‍ പോപ് ഫ്രാന്‍സിസ് ബൊഗോട്ട, മെഡെലിന്‍, കാര്‍ട്ടഗെന തുടങ്ങിയ സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്.

About the author

Related

JOIN THE DISCUSSION