ഭൂമിയില്‍ നിന്നും 6000 അടി മുകളില്‍ പറക്കവെ വിമാനത്തിന് തീ പിടിച്ചു;യാത്രക്കാരുടെ നെഞ്ചിടിപ്പേറ്റിയ നിമിഷങ്ങള്‍

ലണ്ടന്‍ :ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യവെ തനിക്കുണ്ടായ ദുരനുഭവം വിവരിക്കുകയാണ് ഒരു യാത്രക്കാരന്‍ .ലേയ് എന്ന ബ്രിട്ടീഷ് പൗരനാണ് തന്റെ പത്‌നിയോടൊപ്പം ലണ്ടനില്‍ നിന്ന് ആതന്‍സിലേക്ക് ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യവേ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നത്. ഇത്രയും ഭീകരമായ അനുഭവം നേരിട്ട ശേഷം താനൊരിക്കലും ഇനി ജീവിതത്തില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ലെന്ന് 40 വര്‍ഷമായി ഈ വിമാന കമ്പനിയുടെ സ്ഥിരം ഉപഭോക്താവായിരുന്ന ലേയ് പറയുന്നു.ബ്രിട്ടനില്‍ നിന്ന് ആതന്‍സിലേക്ക് വെറും 4 മണിക്കൂര്‍ വേണ്ടിടത്താണ് വിമാനകമ്പനിയുടെ അനാസ്ഥ മൂലം യാത്ര 33 മണിക്കൂര്‍ നീണ്ടുനിന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗ്രീസിലേക്ക് പോകാനായി ലേയും ഭാര്യയും വിമാനത്താവളത്തിലെത്തിയത്. ഉച്ചയ്ക്ക് 1.15 നായിരുന്നു വിമാനം. എന്നാല്‍ വിമാനത്തിന്റെ കോക്ക്പീറ്റില്‍ വെളിച്ചക്കുറവും മറ്റു സാങ്കേതിക തകരാറുകളും കണ്ടതിനെ തുടര്‍ന്ന് ആ വിമാനം അധികൃതര്‍ റദ്ദാക്കി.പിന്നീട് തയ്യാറായ അടുത്ത വിമാനം 5 മണിക്കാണ്. എന്നാല്‍ ജീവനക്കാരുടെ ജോലിസമയവുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം അതും റദ്ദാക്കേണ്ടി വന്നു. തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതര്‍ സര്‍വീസ് നാളത്തേക്ക് മാറ്റി വെച്ചതായി അറിയിക്കുകയും യാത്രക്കാര്‍ക്ക് താമസ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി നല്‍കുകയും ചെയ്തു. പിറ്റേന്ന് രാവിലെ നിശ്ചയിച്ചുറപ്പിച്ച ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മറ്റൊരു വിമാനത്തില്‍ യാത്ര തിരിച്ചപ്പോഴാണ് അടുത്ത തടസ്സം നേരിട്ടത്.പറന്നു കൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്നും ആഘാതത്തിന് സമാനമായ
വന്‍ ശബ്ദങ്ങള്‍ പുറത്ത് വന്നു. ഇത്തരത്തിലുള്ള 6 ശബ്ദങ്ങള്‍ തങ്ങള്‍ കേട്ടതായി ലേയ് പറയുന്നു. തുടര്‍ന്ന് ജനലില്‍ കൂടി പുറത്ത് നോക്കിയപ്പോഴാണ് വിമാനത്തിന്റെ അരികില്‍ തീ കത്തി പടരുന്നത് കണ്ടത്. പരിഭ്രാന്തരായ യാത്രക്കാര്‍ നിലവിളിക്കാന്‍ തുടങ്ങി. വിമാനം ഭൂമിയില്‍ നിന്ന് 6000 അടി മുകളില്‍ നില്‍ക്കുമ്പോഴാണ് ഈ അപകടം സംഭവിക്കുന്നത്. ഉടന്‍ തന്നെ വിമാനത്തിന്റെ ക്യാപ്റ്റന്‍, സ്ഥിതി നിയന്ത്രണ വിധേയമാണെന്നും എന്നാല്‍ ഈ സാഹചര്യത്തില്‍ മുന്നോട്ട് പോവാന്‍ കഴിയില്ലെന്നും വിമാനം തിരിച്ചിറക്കുകയാണെന്നും യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കി.ജീവന്‍ തിരിച്ച് കിട്ടിയ ആവേശത്തില്‍ തീ പിടിച്ച വിമാനത്തില്‍ നിന്ന് ഇറങ്ങിയെങ്കിലും പിന്നെ ആ വിമാനത്താവളത്തില്‍ നിന്നും ആതന്‍സിലേക്ക് യാത്ര തിരിക്കാനായത് വൈകുന്നേരമാണെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു, അതേസമയം സംഭവത്തില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് യാത്രക്കാരോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. 

About the author

Related

JOIN THE DISCUSSION