ഒരു ഉല്‍പ്പന്നത്തിന് ഇനി ഒരു വിലമാത്രം

ഒരു ഉല്‍പ്പന്നത്തിന് വ്യത്യസ്ത പണം ഈടാക്കുന്ന കമ്പനികളുടെ നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങളിലും മാളുകളിലും സിനിമാ തിയേറ്ററുകളിലും ഉയര്‍ന്നരീതിയില്‍ പണം ഈടാക്കുന്നതിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഒരേ സംസ്ഥാനത്ത് പാക്ക് ചെയ്തുവരുന്ന വസ്തുവിന് വ്യത്യസ്ത എംആര്‍പികള്‍ ആണ് നിലവില്‍ ഉപഭോക്താവില്‍ നിന്നും ഈടാക്കുന്നത്. എന്നാല്‍ 2018 ജനുവരി 1 മുതല്‍ ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് വ്യക്തമാക്കി. കമ്പനികള്‍ക്ക് ഇത് നടപ്പിലാക്കാന്‍ ആവശ്യത്തിന് സമയം നല്‍കിയിട്ടുണ്ടെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ബോട്ടില്‍ ചെയ്തുവരുന്ന മിനറല്‍ വാട്ടര്‍ മാത്രമല്ല, ശീതളപാനീയങ്ങള്‍ക്കും പാക്ക് ചെയ്തുവരുന്ന മറ്റു ഭക്ഷ്യവസ്തുക്കള്‍ക്കും ഈ നിയമം ബാധകമാണ്. വ്യത്യസ്ത വില ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അതത് സര്‍ക്കാറുകളുടെ ചുമതലയാണെന്നും വ്യത്യസ്ത വിലകള്‍ ഈടാക്കുകയാണെങ്കില്‍, അതിലെ കുറഞ്ഞ വില വസ്തുവിലയായി പരിഗണിക്കണമെന്നും ഉപഭോക്തൃവകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
വ്യത്യസ്ത വിലകള്‍ ഈടാക്കാന്‍ പാടില്ലെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍നിന്ന് നിര്‍ദ്ദേശങ്ങളുണ്ടെന്നും വകുപ്പുദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. മാളുകളിലോ സിനിമാ തീയറ്ററുകളിലോ വിമാനത്താവളങ്ങളിലോ സാധാരണ കടകളിലോ ബോട്ടില്‍ഡ് മിനറല്‍ വാട്ടറിന് വ്യത്യസ്ത വിലകള്‍ ഈടാക്കാന്‍ പാടില്ല. ഈ നിയമം മറ്റു പാക്കേജ്ഡ് ഭക്ഷ്യവസ്തുക്കള്‍ക്കും ബാധകമാണെന്നും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാള്‍ വ്യക്തമാക്കി. അതേസമയം രാജ്യത്തെ വിപണിയെ ആകമാനം ഒറ്റ നികുതിയ്ക്ക് കീഴില്‍ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ ഇന്ന് അര്‍ധരാത്രി മുതല്‍ ജിഎസ്ടി നിലവില്‍ വരികയാണ്. ചരക്കുകളും സേവനങ്ങളും ഉത്പാദകരില്‍ നിന്ന് ഉപഭോക്താവിലേക്ക് എത്തുന്നത് വരെ ഒരൊറ്റ നികുതി മാത്രമേ ഇനി ഉണ്ടാവുകയുള്ളൂ. നിലവില്‍ ഓരോ സംസ്ഥാനത്തിനും ഓരോ നികുതി വ്യവസ്ഥയാണുള്ളത്. ഏകീകൃതമായ സംവിധാനം കൊണ്ടു വരുന്നതിലൂടെ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് വഴി ജിഡിപിയില്‍ 2 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

About the author

Related

JOIN THE DISCUSSION