2014 ല്‍ കൊല്ലപ്പെട്ട പൊലീസുകാരന്റെ ഭാര്യ 2017 ല്‍ കുഞ്ഞിന് ജന്‍മം നല്‍കി

യുഎസ് : ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഉദ്യോഗസ്ഥനായ വെര്‍ജിയന്‍ ലിയു 2014 ഡിസംബറിലാണ് കൊല്ലപ്പെടുന്നത്. പെട്രോളിങ്ങിനിടെ അപ്രതീക്ഷിതമായ ആക്രമണത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.കൃത്യനിര്‍വ്വഹണത്തിനിടെ ന്യൂയോര്‍ക്കില്‍ കൊല്ലപ്പെടുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു 32 കാരനായ ലിയു. ഭര്‍ത്താവിന്റെ വേര്‍പാടില്‍ ചെന്നിന്റെ ഹൃദയം തകര്‍ന്നു. ഏക മകന്റെ വിയോഗവും വംശാറുതി സംഭവിച്ചല്ലോയെന്ന നിരാശയും ലിയുവിന്റെ മാതാപിതാക്കളെ കടുത്ത വേദനയിലും ആഴ്ത്തി.എന്നാല്‍ ലിയുവിന് തന്നിലൂടെയൊരു തുടര്‍ച്ചയുണ്ടാകണമെന്ന് 29 കാരിയായ ചെന്‍ അതിയായി ആശിച്ചിരുന്നു. എന്നാല്‍ ചെന്നിന്റെ ആഗ്രഹത്തിന് ശാസ്ത്ര ലോകത്തിന്റെ പിന്‍തുണയുമുണ്ടായി. ചെന്നിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ശവസംസ്‌കാരത്തിന് മുന്‍പ് ലിയുവിന്റെ ബീജം ശേഖരിച്ചു.തുടര്‍ന്ന് കൃത്രിമ ബീജസങ്കലനം നടത്തി. എന്നാല്‍ പലകുറി ഈ പരീക്ഷണം പരാജയപ്പെട്ടു. എന്നാല്‍ തന്റെ ശ്രമങ്ങളും അത് പരാജയമടയുന്നതും ചെന്‍ ലിയുവിന്റെ മാതാപിതാക്കളെ അറിയിച്ചില്ല. ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ കൃത്രിമ ബീജ സങ്കലനം വഴി ചെന്‍ ഗര്‍ഭിണിയായി.ഒരു പെണ്‍കുഞ്ഞിന് അവള്‍ ജന്‍മം നല്‍കി. ആഞ്ജലീനയെന്ന് അവള്‍ക്ക് പേരിട്ടു. കുഞ്ഞിന്റെ ജനനത്തിന് ശേഷം മാത്രമാണ് ഈ സന്തോഷം ലിയുവിന്റെ മാതാപിതാക്കളെ അറിയിച്ചത്. ആശുപത്രിയില്‍ ചോരക്കുഞ്ഞിനെ കണ്ടപ്പോള്‍ സന്തോഷത്താല്‍ അവരുടെ കണ്ണുനിറഞ്ഞു.തന്റെ മകനെയാണ് പേരക്കുട്ടിയിലൂടെ കാണുന്നതെന്ന് അവര്‍ പറഞ്ഞു. തന്റെ ഹൃദയം സ്‌നേഹവാത്സല്യങ്ങളാല്‍ തുളുമ്പുകയാണെന്നായിരുന്നു ലിയുവിന്റെ പിതാവിന്റെ പ്രതികരണം.1994 ല്‍ ലിയുവിന് 12 വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നത്.

About the author

Related

JOIN THE DISCUSSION