ലങ്കന്‍ ആരാധകരുടെ പ്രതിഷേധത്തിനിടെ ഗ്രൗണ്ടില്‍ കിടന്നുറങ്ങി ധോണി; വീഡിയോ വൈറലാവുന്നു

കൊളംബോ: ഇന്ത്യാ- ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടയില്‍ ആരാധകരെ അമ്പരപ്പിച്ച് മൈതാനത്ത് കിടന്നുറങ്ങി മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. മത്സരത്തില്‍ ലങ്ക പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ അരിശംപൂണ്ട ലങ്കന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പി വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. ഇന്ത്യക്ക് ജയിക്കാന്‍ എട്ട് റണ്‍സ് മാത്രം വേണ്ട ഘട്ടത്തിലെത്തിയപ്പോഴായിരുന്നു കുപ്പികളും മറ്റും മൈതാനത്തേക്ക് വലിച്ചെറിഞ്ഞ് അതിരുവിട്ട രോഷ പ്രകടനം കാണികള്‍ നടത്തിയത്. ഇതേതുടര്‍ന്ന് 35 മിനിറ്റോളം മത്സരം തടസപ്പെട്ടിരുന്നു.
ഇതോടെ കളി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. കളിക്കാരെല്ലാം മൈതാനത്തിന്റെ മധ്യത്ത് കൂടി നില്‍ക്കുകയായിരുന്നു ഈ സമയം. എന്നാല്‍ ഈ ബഹളങ്ങളൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന രീതിയില്‍ മൈതാനത്ത് ബാറ്റിങ് വേഷത്തില്‍ കിടന്നുറങ്ങുകയായിരുന്നു ധോണി. സഹതാരം രോഹിത് ശര്‍മയും ഡ്രെസിങ് റൂമില്‍ നിന്ന് വെള്ളവുമായെത്തിയ താരവും ലങ്കന്‍ കളിക്കാരും ആരാധകരുടെ പ്രതിഷേധം നോക്കി നില്‍ക്കുകയായിരുന്നു ഈ സമയം. ധോണിയുടെ മയക്കം കണ്ട് കമന്ററി ബോക്‌സിലിരുന്ന സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത് ധോണി ഐസ്ലന്‍ഡുകാരനാണെന്ന് തോന്നുന്നുവെന്നായിരുന്നു. ഇത്രയും കൂളായി ഇരിക്കാന്‍ ഐസ്ലന്‍ഡുകാര്‍ക്കേ കഴിയൂ എന്നായിരുന്നു ഗവാസ്‌കറുടെ നിരീക്ഷണം. കമന്ററി ബോക്‌സിലുണ്ടായിരുന്ന അജയ് ജഡേജയും മുരളി കാര്‍ത്തിക്കും ധോണിയെ വിശേഷിപ്പിച്ചത് എയര്‍ കണ്ടീഷണറിനോടും റഫ്രിജേറ്ററിനോടുമാണ്. ക്യാപ്റ്റന്‍ കൂള്‍ എന്ന് ധോണിയെ പറഞ്ഞിരുന്നത് വെറുതയല്ലെന്നായിരുന്നു ഇരുവരുടെയും കമന്റ്. എന്തായാലും ധോണിയുടെ ഉറക്കം സോഷ്യല്‍ മീഡിയയും ആഘോഷമാക്കി.

https://youtu.be/x6nY1Y0x934

About the author

Related

JOIN THE DISCUSSION