വിദ്യാര്‍ത്ഥികളുടെ മുഖത്ത് കരിപുരട്ടി തെരുവിലൂടെ നടത്തിച്ച് അധ്യാപകന്റെ ശിക്ഷാ നടപടി

ഭോപ്പാല്‍ : വിദ്യാര്‍ത്ഥികളുടെ മുഖത്ത് കരിപുരട്ടി തെരുവിലൂടെ നടത്തിച്ച് അധ്യാപകന്റെ ശിക്ഷാ നടപടി. മധ്യപ്രദേശ് സിംഗരോലി-ഒബാരിയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലാണ് ക്രൂരമായ അച്ചടക്ക നടപടി അരങ്ങേറിയത്. രണ്ട് ദിവസം ക്ലാസില്‍ വരാതിരുന്നതിന്റെ പേരിലായിരുന്നു കടുത്ത ശിക്ഷ. ആദ്യം കല്‍ക്കരി ഉപയോഗിച്ച് മീശയും താടിയും വരച്ചു.തുടര്‍ന്ന് മുഖമാകെ കരിപുരട്ടുകയായിരുന്നു.

നിങ്ങള്‍ മുതിര്‍ന്നവരായെന്നും ആരെയും കൂസേണ്ടതില്ലെന്നും പരിഹസിച്ചായിരുന്നു കടുംകൈ. രാംദര്‍ശന്‍ പ്രജാതി എന്ന അധ്യാപകനാണ് ഈ മാസം 6 ന് കുട്ടികളോട് ക്രൂരമായി പെരുമാറിയത്. മാതാപിതാക്കള്‍ ജില്ലാ കളക്ടറെ സമീപിച്ച് പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. കളക്ടര്‍ അനുരാഗ് ചൗധരി അന്വേഷണത്തിന് ഉത്തരവിട്ടു. അധ്യാപകനെതിരെ കേസെടുക്കുന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് കളക്ടര്‍ അറിയിച്ചു.

നേരത്തെ മാതാപിതാക്കള്‍ പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു നടപടിയെന്നാണ് രാംദര്‍ശന്റെ വിശദീകരണം. എന്നാല്‍ ആരാണ് ഇത്തരമൊരു ശിക്ഷാ നടപടിക്ക് ശുപാര്‍ശ ചെയ്തതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല.

About the author

Related

JOIN THE DISCUSSION