കാണാതെ പോകരുത്; മെഹറുന്നീസയുടെ വലിയ മനസ്സ്

കോട്ടയം :ഒടുവില്‍ അവര്‍ ഒന്നിച്ചു. ദളിത് യുവാവായ പ്രമോദിനും മുസ്ലീം യുവതിയായ മെഹറുന്നീസയ്ക്കും തങ്ങളുടെ മുന്നിലേക്ക് വന്ന പ്രതിസന്ധികളൊന്നും അവര്‍ക്കിടയിലെ പ്രണയത്തിന് തടസ്സമായിരുന്നില്ല. കഴിഞ്ഞ ദിവസം കോട്ടയത്തെ പൂഞ്ഞാറിലെ പ്രമോദിന്റെ വീട്ടില്‍ വെച്ച് അവരുടെ പ്രണയത്തിന് സ്വപ്‌ന സാക്ഷാത്ക്കാരമായി. പ്രമോദ് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ മെഹറുന്നീസയുടെ കഴുത്തില്‍ താലി കെട്ടി. ദളിത് യുവാവാണ് പ്രമോദ്. കേബിള്‍ ഓപ്പറേറ്ററായ് ജോലി നോക്കവെ വീടിനടുത്തുള്ള വെള്ളക്കെട്ടില്‍ വീണ് കഴിഞ്ഞ പത്ത് വര്‍ഷമായ് അരയ്ക്ക് താഴെ തളര്‍ന്ന് കിടക്കുകയാണ് ഇദ്ദേഹം. ഇതിനിടെയായിരുന്നു പ്രമോദിന്റെ അച്ഛനും അമ്മയും കാന്‍സര്‍ ബാധിതരാണെന്ന് തിരിച്ചറിയുന്നത്.ഏറെ താമസിയാതെ ബിഎസ്എന്‍എല്‍ ജീവനക്കാരനായിരുന്ന അച്ഛന്‍ മരണത്തിന് കീഴടങ്ങി. അച്ഛന്റെ പെന്‍ഷന്‍ മാത്രം ഏക ആശ്രയമായിരുന്ന വീട്ടില്‍ അമ്മയും പ്രമോദും തനിച്ചായി. ജീവിതത്തിലെ വിരസത അകറ്റാനാണ് എതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫെയ്‌സ് ബുക്ക് ഉപയോഗിച്ച് തുടങ്ങുന്നത്. ഇതിനിടയിലാണ് ഫെയ്‌സ് ബുക്കിലൂടെ മെഹറുന്നീസയെ പരിചയപ്പെടുന്നത്. പരസ്പരം മനസ്സ് തുറന്ന് എല്ലാ കാര്യങ്ങളും പറഞ്ഞു തുടങ്ങിയതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലായി. സ്വന്തം സമുദായത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഈ ബന്ധത്തില്‍ നിന്ന് അകന്ന് നില്ക്കാന്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായെങ്കിലും മെഹറുന്നീസ അതൊന്നും ചെവിക്കൊണ്ടില്ല.‘മറ്റുള്ളവരുടെ ജീവിതത്തിന് നമ്മുടെ ജീവിതം കൊണ്ട് എന്തെങ്കിലും ചെയ്യാനായാല്‍ അതല്ലെ വലുതെന്നായിരുന്നു’ മെഹറുന്നീസയുടെ പക്ഷം. എന്നാല്‍ ഇക്കാര്യത്തില്‍ സമുദായത്തില്‍ നിന്നോ പുറത്ത് നിന്നോ ഭീഷണിയൊന്നും ഉണ്ടായിരുന്നില്ലെന്നും മെഹറൂന്നീസ പറഞ്ഞു. താന്‍ ഒരിക്കലും മതം മാറില്ലെന്നും പ്രമോദിന്റെ വീട്ടുകാര്‍ അതിനെക്കുറിച്ചൊന്നും പറയാറില്ലെന്നും മെഹറുന്നീസ പറഞ്ഞു.

About the author

Related

JOIN THE DISCUSSION