വേഗരാജാവ് കണ്ണീരോടെ മടങ്ങി; അവസാന മത്സരത്തില്‍ കാലിടറി വീണ് ഉസൈന്‍ ബോള്‍ട്ട്

ലണ്ടന്‍: കായിക പ്രേമികളെ കണ്ണീരിലാഴ്ത്തി വേഗരാജാവ് മടങ്ങി. അവസാന മത്സരം പൂര്‍ത്തിയാക്കാതെയാണ് ലോകത്തിലെ ഏറ്റവും വേഗതയുള്ള മനുഷ്യന്‍ ഉസൈന്‍ ബോള്‍ട്ട് ട്രാക്കിനോട് വിടപറഞ്ഞത്. 4×100 മീറ്റര്‍ റിലേയില്‍ അവസാന ലാപ്പില്‍ ഓടിയ ബോള്‍ട്ട് കാലിടറി ട്രാക്കില്‍ വീഴുകയായിരുന്നു. മത്സരത്തില്‍ ആതിഥേയരായ ബ്രിട്ടന്‍ സ്വര്‍ണം നേടി.അവസാന ലാപ്പില്‍ ബോള്‍ട്ടിന് ബാറ്റണ്‍ ലഭിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്കന്‍ ടീം. ബോള്‍ട്ടിന്റെ ഇടത്ത് ബ്രിട്ടനും വലതുഭാഗം അമേരിക്കയുമായിരുന്നു. മൂന്നാമത്തെ ലാപ്പില്‍ ആരാധകരുടെ പ്രതീക്ഷ തകര്‍ക്കാതെ കുതിക്കുകയായിരുന്ന ബോള്‍ട്ടിന് അല്പം മുന്നോട്ടുപോയപ്പോള്‍ വേഗം കുറച്ചു, പിന്നീട് കാലിടറി വീഴുന്ന താരത്തെയാണ് ആരാധകര്‍ കണ്ടത്.
വേദനകൊണ്ട് പുളയുന്നതിനിടെ ഫിനിഷിങ് ലൈനിലേക്ക് കുതിക്കുന്ന എതിരാളികളെ ഒരുവേള നോക്കിയശേഷം ബോള്‍ഡ് ട്രാക്കില്‍ മുഖംപൂഴ്ത്തി കിടന്നു. 
രണ്ട് ഇതിഹാസ താരങ്ങളുടെ കണ്ണീരിനാണ് ലണ്ടന്‍ ഒളിമ്പിക്‌സ് സ്റ്റേഡിയം സാക്ഷിയായത്. ബോള്‍ട്ടിനു പുറമേ ദീര്‍ഘദൂര ഓട്ടത്തില്‍ മികച്ച നേട്ടം കൊയ്ത മോ ഫറയ്ക്കും അവസാന മത്സരത്തില്‍ കണ്ണീരോടെ മടങ്ങാനായിരുന്നു യോഗം. ദീര്‍ഘദൂര ഓട്ടത്തിലെ ഇതിഹാസ താരം ബ്രിട്ടന്റെ മോ ഫറയ്ക്ക് വിടവാങ്ങല്‍ മല്‍സരത്തില്‍ വെള്ളിത്തിളക്കം മാത്രമാണ് ലഭിച്ചത്. ലോക വേദികളിലെ തുടര്‍ച്ചയായ പത്താം സ്വര്‍ണം ലക്ഷ്യമിട്ട് 5000 മീറ്റര്‍ ഫൈനലില്‍ മല്‍സരിക്കാനിറങ്ങിയ ഫറയെ എത്യോപ്യന്‍ താരം മുഖ്താര്‍ എഡ്രിസിന്റെ അപ്രതീക്ഷിത കുതിപ്പാണ് വെള്ളിനേട്ടത്തിലൊതുക്കിയത്. 13.32.79 മിനിറ്റില്‍ മല്‍സരം പൂര്‍ത്തിയാക്കിയാണ് എഡ്രിസ് സ്വര്‍ണം നേടിയത്. 13.33.22 മിനിറ്റില്‍ ഫിനിഷിങ് ലൈന്‍ കടന്ന ഫറ വെള്ളി നേടിയപ്പോള്‍, 13.33.22 മിനിറ്റില്‍ ഓടിയെത്തിയ യുഎസ് താരം പോള്‍ ചെലീമോ വെങ്കലം നേടി.

About the author

Related

JOIN THE DISCUSSION