ആക്രിക്കച്ചവടക്കാരന് അബദ്ധത്തില്‍ നല്‍കിയത് 75 പവന്റെ സ്വര്‍ണാഭരണങ്ങളും പണവും പാസ്ബുക്കുകളും അടങ്ങുന്ന തകരപ്പെട്ടി

ചെറുകുന്ന്: പഴയ സാധനങ്ങള്‍ ആക്രിക്കച്ചവടക്കാരന് വിറ്റപ്പോള്‍ സ്വര്‍ണവും പണവും നഷ്ടമായി. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് 75 പവന്റെ സ്വര്‍ണാഭരണങ്ങളും 40,000 രൂപയും ബാങ്ക് പാസ്ബുക്കുകളും ചെക്ക് ബുക്കുകളും വീട്ടുകാര്‍ക്ക് തിരിച്ചുകിട്ടി. ഞായറാഴ്ചയാണ് സംഭവം. പുതിയ വീട്ടിലേക്ക് മാറുമ്പോള്‍ പഴയ സാധനങ്ങള്‍ ആക്രിക്കാരനു കൊടുക്കുന്ന കൂട്ടത്തില്‍ 85 കാരി കട്ടിലിനടിയിലുണ്ടായിരുന്ന തകരപ്പെട്ടിയുംകൂടി കൊടുത്തു. ആഭരണങ്ങളും പണവും ആക്രിസാധനങ്ങളോടൊപ്പം നഷ്ടമായത് പിന്നീട് മനസ്സിലാക്കിയ വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. അര്‍ദ്ധരാത്രികഴിഞ്ഞപ്പോഴാണ് നാല്‍പതുകാരിയും അവരുടെ ഉമ്മയും കണ്ണപുരം പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഒരു തമിഴനാണ് ആക്രിസാധനങ്ങള്‍ കൊണ്ടുപോയതെന്നേ അറിയൂ. അതുവച്ച് ആ തമിഴനെയും തേടി ഇരുവരും രാത്രിവൈകും വരെയും ചെറുകുന്ന്, കണ്ണപുരം പരിസരങ്ങളിലെ പല ആക്രിത്താവളങ്ങളിലും പരതി. ഒരു തുമ്പും കിട്ടിയില്ല. തുടര്‍ന്നാണ് സ്റ്റേഷനിലേക്ക് എത്തിയത്. പരാതി പോലും എഴുതി വാങ്ങാതെ പൊലീസ് ഉടന്‍ തന്നെ ആക്രിക്കച്ചവടക്കാരെ തേടിയിറങ്ങി. തമിഴരുടെ കേന്ദ്രങ്ങളില്‍ കറങ്ങി ഒടുവില്‍ കണ്ണപുരം റെയില്‍വെ സ്റ്റേഷനടുത്തായുള്ള ആക്രിക്കാരുടെ ഷെഡ്ഡിലെത്തി. പൊലീസിനെ കണ്ട് തമിഴനും ഭാര്യയും പേടിച്ചുവിറച്ചു, പെട്ടി ഓര്‍മ്മയില്‍ വരുന്നില്ലല്ലോ എന്നായി അയാള്‍. പിന്നെ, പൊലീസുകാര്‍ ആക്രിക്കടയിലെ കൂമ്പാരത്തിലേക്ക് കടന്ന് പഴയ ടി.വി യുടെ ചില്ലടക്കം തകര്‍ത്തുനോക്കാന്‍ തുടങ്ങി. തെരച്ചില്‍ മൂന്നു നാലു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും പേടിച്ചുവിറച്ച ആക്രിക്കച്ചവടക്കാരന്‍ ഷെഡ്ഡില്‍ ഒരരികിലായി വച്ച കുട്ടിച്ചാക്കിലേക്ക് വിറയലോടെ വിരല്‍ചൂണ്ടി. ചാക്കിലെ പെട്ടി തുറന്ന പൊലീസ് അമ്പരന്നു. എട്ടു സ്വര്‍ണവളകള്‍. മുഷിഞ്ഞൊരു പെഴ്‌സ് തുറന്നപ്പോള്‍ കിട്ടിയത് നിറം മങ്ങിയ തൂവാലയില്‍ പൊതിഞ്ഞ നിലയില്‍ അഞ്ചു മോതിരം. പിന്നെ നാലു പെഴ്‌സിലായി നാലു നെക്‌ലേസ്. വേറൊരു മാല. സ്വര്‍ണ പാദസരം, താലി, സ്വര്‍ണനാണയങ്ങള്‍… തീര്‍ന്നില്ല. 40,000 രൂപയുടെ ഇന്ത്യന്‍ കറന്‍സി. പിന്നെ കുറച്ച് യു.എ.ഇ ദിര്‍ഹവും. പൊലീസുകാര്‍ ഏതാണ്ടൊന്നു കണക്ക് കൂട്ടി നോക്കിയപ്പോള്‍ കാല്‍ കോടിയിലേറെ വരും. അതേസമയം വിലകൊടുത്തുവാങ്ങിയ ആക്രിസാധനങ്ങളില്‍ സ്വര്‍ണവും പണവുമുള്ള കാര്യം ആക്രിക്കടക്കാരനും അറിഞ്ഞിരുന്നില്ല. കണ്ടെടുത്ത സ്വര്‍ണവും പണവും ആക്രിക്കടക്കാരന്റെ സാന്നിധ്യത്തില്‍ ഉടമയ്ക്ക് തിരിച്ചുനല്‍കി. തമിഴന് ഉമ്മയും മകളും കൂടി ഒരു തുക വെച്ചുനീട്ടിയെങ്കിലും അയാള്‍ അതു വാങ്ങിയില്ല.

About the author

Related

JOIN THE DISCUSSION