ശരീരമാസകലം അനിയന്ത്രിത മുഴവളര്‍ച്ച;അപൂര്‍വ രോഗാവസ്ഥയില്‍ 46 കാരന്‍;ഒറ്റപ്പെടുത്തി സമൂഹവും

ന്യൂഡല്‍ഹി : മുഖത്തും ശരീരത്തിലും അനിയന്ത്രിതമായ മുഴവളര്‍ച്ചയാല്‍ ഉഴലുകയാണ് സുരീന്ദര്‍ ശര്‍മയെന്ന 46 കാരന്‍. നൂറുകണക്കിന് കുരുക്കളാണ് ഇദ്ദേഹത്തിന്റെ ശരീരത്തിലുള്ളത്. പലവലിപ്പത്തിലുമുള്ളവയാണ് ഇവ. ഇരുപതാം വയസ്സിലാണ് ഇദ്ദേഹത്തിന്റെ ശരീരത്തില്‍ മുഴകള്‍ വ്യാപകമായി വളരാന്‍ തുടങ്ങിയത്. പാരമ്പര്യമായാണ് ഇദ്ദേഹത്തില്‍ ഈ രോഗമുണ്ടായത്. അച്ഛനും ഇതേ രോഗമുണ്ടായിരുന്നു. ന്യൂറോഫൈബ്രോമറ്റോസിസ് എന്ന രോഗാവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. പലവ്യഞ്ജന കട നടത്തിയാണ് നാല് കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ ഉപജീവനം ഇദ്ദേഹം കണ്ടെത്തുന്നത്. ഈ രോഗാവസ്ഥ തന്റെ ജീവിതം തകര്‍ത്തെന്ന് ഇദ്ദേഹം പറയുന്നു. മുഖവും ശരീരവും വികൃതമായതിനാല്‍ കടയില്‍ വരാന്‍ ആളുകള്‍ മടിക്കുന്നു. കൂടാതെ പലരും തന്റെ രൂപത്തെ പരിഹസിക്കുകയാണ്. കുട്ടികള്‍ക്ക് തന്നെ കാണുന്നത് പേടിയാണ്. തുറിച്ചുനോട്ടവും അസഹ്യമാണ്. നിരവധി ഡോക്ടര്‍മാരെ ഇതിനകം കണ്ടിട്ടുണ്ട് സുരീന്ദര്‍. ചികിത്സയ്ക്കായി വലിയ തുക ചിലവഴിച്ചിട്ടുമുണ്ട്.പക്ഷേ രോഗാവസ്ഥയ്ക്ക് തെല്ലും ആശ്വാസമുണ്ടായിട്ടില്ല. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. പക്ഷേ അതിനുതക്ക സാമ്പത്തിക ശേഷിയില്ലെന്ന് സുരീന്ദര്‍ പറയുന്നു. വിദഗ്ധ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.മുഴകള്‍ക്ക് വേദനയില്ലെങ്കിലും ഈ അവസ്ഥ അസഹ്യമാണ്. വിയര്‍ക്കുമ്പോള്‍ രൂക്ഷമായ ചൊറിച്ചില്‍ അനുഭവപ്പെടും. ഇതിനെല്ലാം പുറമെ ആളുകളുടെ മോശം പെരുമാറ്റം കൂടിയാകുമ്പോള്‍ തകര്‍ന്നുപോകും.ഇദ്ദേഹം സാക്ഷ്യം പറയുന്നു. എല്ലാവരെയും പോലെ പൂര്‍ണ ആരോഗ്യവാനായിരുന്നു 20 വയസ്സുവരെ ഇദ്ദേഹം.എന്നാല്‍ പിന്നീട് മുഴ വളര്‍ച്ചയാരംഭിച്ചു. ആദ്യം കാര്യമാക്കിയില്ലെങ്കിലും ശരീരമാസകലം കുരുക്കള്‍കൊണ്ട് നിറയുകയായിരുന്നു. കഠിനമായ ഈ രോഗാവസ്ഥയില്‍ നിന്നും എന്നൈങ്കിലും മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ 46 കാരന്‍.

About the author

Related

JOIN THE DISCUSSION