30 കുട്ടികള്‍ക്കുപകരം മരിച്ചത് ഒരു മുസ്ലീം കച്ചവടക്കാരന്റെ 30 പശുക്കളായിരുന്നെങ്കിലോ? രൂക്ഷ വിമര്‍ശവുമായി സഞ്ജീവ് ഭട്ട്

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 30 കുഞ്ഞുങ്ങള്‍ മരിച്ച ദാരുണ സംഭവത്തില്‍ യുപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. ഫേസ്ബുക്കിലൂടെയാണ് സര്‍ക്കാരിന്റെയും ആശുപത്രി അധികൃതരുടെയും അലംഭാവത്തെ സഞ്ജീവ് ഭട്ട് വിമര്‍ശിച്ചത്. 

ഗൊരഖ്പൂര്‍ ആശുപത്രിയില്‍ 30 കുഞ്ഞുങ്ങള്‍ക്ക് പകരം മരിച്ചത് ഒരു മുസ്ലീം കന്നുകാലി കച്ചവടക്കാരന്റെ 30 പശുക്കളായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തോടെയാണ് സഞ്ജീവ് ഭട്ടിന്റെ പോസ്റ്റ് തുടങ്ങുന്നത്. കുഞ്ഞുങ്ങളുടെ സ്ഥാനത്ത് പശുക്കളായിരുന്നെങ്കില്‍ ലോകം ഉണരുക ഒരു ട്വീറ്റ് കണ്ടുകൊണ്ടാകുമായിരുന്നു എന്ന് സഞ്ജീവ് ഭട്ട് പറയുന്നു. ചെറിയ കാര്യത്തിന് പോലും ട്വിറ്ററിലൂടെ പ്രതികരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനത്തെയും നിസംഗതയെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു ഈ വാക്കുകള്‍. കേന്ദ്രമന്ത്രിമാരാരും തന്നെ സ്ഥലം സന്ദര്‍ശിക്കാനോ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാവാത്തതിനെയും സഞ്ജീവ് ഭട്ട് വിമര്‍ശിക്കുന്നു.

സഞ്ജീവ് ഭട്ടിന്റെ പോസ്റ്റ്:
ഗോരഖ് പൂരിലെ ആശുപത്രിയിലെ 30 കുട്ടികള്‍ക്കു പകരം ഒരു മുസ്‌ലിം കാലി കച്ചവടക്കാരന്റെ 10 പശുക്കളാണ് മരിച്ചതെങ്കിലോ.. ഒന്ന് ആലോചിച്ചു നോക്കിയേ..

ഒരു ട്വീറ്റ് കണ്ടായിരുന്നു ലോകം തന്നെ ഉണരുക.

അരുണ്‍ ജെയ്റ്റ്‌ലിയോ അതുപോലുള്ള ഏതെങ്കിലും പ്രകോപിപ്പിക്കുന്നയാള്‍ ഗോരഖ്പൂര്‍ സന്ദര്‍ശിക്കും. ആളുകളെ പ്രചോദിപ്പിക്കുകയും പിന്നീട് സമാധാനം പാലിച്ചതിന് അവരെ പ്രകീര്‍ത്തിക്കുകയും ചെയ്യും.

‘കാഡി നിന്ദ’ മന്ത്രി പ്രസ്താവനയിറക്കും. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയുണ്ടെന്ന്.

ഗോരഖ്പൂരിലെ ‘കുരങ്ങു മനുഷ്യന്‍’ മുസ്‌ലീങ്ങളെ കൊല്ലാനും അംഗഭംഗം വരുത്താനും കൊലയാളി കൂട്ടങ്ങളെ പറഞ്ഞുവിടും.

വളര്‍ത്തുനായയായ അവതാരകന്‍ കേസ് സ്റ്റുഡിയോയിലെ കോടതിമുറിയില്‍ വിചാരണ ചെയ്യും.

വിവേകബുദ്ധിയോടെ ആരെങ്കിലും സംസാരിച്ചാല്‍ ഉടന്‍ പാകിസ്ഥാനിലേക്ക് പാക്കു ചെയ്തുവിടും.
അല്പബുദ്ധിയായ സോംഷിത് പാത്ര സ്റ്റുഡിയോകള്‍ തോറും കയറിയിറങ്ങി തനിക്കുപോലും അര്‍ത്ഥമെന്തെന്ന് അറിയാത്ത സംസ്‌കൃത ശ്ലോകങ്ങളും ചൊല്ലി നടക്കും.

ഭക്തരെല്ലാം സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിക്കുന്നതിന്റെ തിരക്കിലായിരിക്കും.

ഈ സംഘര്‍ഷത്തിനിടെ എങ്ങനെ ക്രമസമാധാനം പാലിക്കാനാണെന്ന് പറഞ്ഞ് പൊലീസ് കൈയ്യും കെട്ടി നോക്കി നില്‍ക്കും.

About the author

Related

JOIN THE DISCUSSION