നവവധു തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: വെമ്പായത്ത് നവവധു തൂങ്ങി മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് റോഷനെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ മാസമാണ് വധുവായ സല്‍ഷയെ (20) തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനപീഢനമാണ് സംഭവങ്ങള്‍ക്കു പിന്നിലെ കാരണമെന്നാണ് പോലീസ് നിഗമനം. എഴുപത്തിയെട്ടു ദിവസത്തെ ആയുസുമാത്രമായിരുന്നു സല്‍ഷയുടെയും റോഷന്റെയും ദാമ്പത്യജീവിതത്തിനുണ്ടായിരുന്നു. വിവാഹകഴിഞ്ഞ് എഴുത്തിയൊമ്പതാം ദിവസമാണ് സല്‍ഷ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ചത്. ഇക്കഴിഞ്ഞ ജൂലായ് 11ന് വൈകിട്ട് 3 മണിയോടെ ഭര്‍തൃഗൃഹത്തിലാണ് സല്‍ഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗാര്‍ഹിക പീഡന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം എന്നിവ ചുമത്തിയാണ് റോഷനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്തൃഗൃഹത്തിന്റെ രണ്ടാം നിലയില്‍ കിടപ്പുമുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സല്‍ഷയെ കണ്ടെത്തിയത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം ലഭിക്കാതെ വന്നപ്പോള്‍ ശനിയാഴ്ച നെടുമങ്ങാട് മജിസ്‌ട്രേറ്റിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ നിന്നും തുടരന്വേഷണത്തിനായി ആറ്റിങ്ങല്‍ ഡി വൈ എസ്. പിയുടെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. സല്‍ഷ തൂങ്ങിമരിച്ച വീട്ടില്‍ ഇയാളെ എത്തിച്ച് പൊലീസ് തെളിവെടുത്തു. കേസില്‍ രണ്ടാം പ്രതിയായ മാതാവ് നസിയത്ത് ഒളിവിലാണ്. നിരന്തരം സ്ത്രീ ധനത്തിനായി സല്‍ഷയെ ഇവര്‍ പീഡിപ്പിച്ചു വരികയായിരുന്നതായി പൊലീസ് പറഞ്ഞു. ഏപ്രില്‍ 23ന് ആറ്റിങ്ങല്‍ തോന്നയ്ക്കലിലെ ആഡംബര ഹാളില്‍ വച്ചാണ് റോഷന്‍ സല്‍ഷയെ വിവാഹം ചെയ്തത് ഒരു കിലോ സ്വര്‍ണ്ണാഭരണം, ഒരു ഇന്നോവാകാര്‍, കോടികള്‍ വിലയുള്ള ഭൂമി എന്നിവ സ്ത്രീധനമായി വാങ്ങിയ ശേഷമായിരുന്നു വിവാഹം. മകള്‍ അകാരണമായി ആത്മഹത്യ ചെയ്യില്ലെന്ന് സല്‍ഷയുടെ മാതാപിതാക്കള്‍ ആദ്യം മുതലേ ആരോപിച്ചിരുന്നു.

About the author

Related

JOIN THE DISCUSSION