ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാല്‍പ്പായസത്തില്‍ പാമ്പിന്‍ കുഞ്ഞ്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാല്‍പ്പായസത്തില്‍ പാമ്പിന്‍ കുഞ്ഞ്. ഇന്നലെ ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്ത് അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ടിന് വിളമ്പുന്നതിനായി തയ്യാറാക്കിവച്ചിരുന്ന പാല്‍പ്പായസത്തിലാണ് വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. മേല്‍ക്കുരയില്‍നിന്നു പാമ്പിന്‍കുഞ്ഞ് വീണതായിരിക്കുമെന്നാണ് കരുതുന്നത്. അന്നലക്ഷ്മി ഹാളിന്റെ പിറകുഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പ് കാടുപിടിച്ചുകിടപ്പുണ്ട്. മൂന്ന് വലിയ കുട്ടകത്തിലാണ് പാല്‍പ്പായസം പകര്‍ന്നു വച്ചിരുന്നത്. ക്ഷേത്രത്തിനകത്ത് തയ്യാറാക്കിയ പാല്‍പ്പായസം പ്രസാദ ഊട്ടില്‍ വിളമ്പുന്നതിനായാണ് കുട്ടകത്തിലാക്കി അന്നലക്ഷ്മി ഹാളില്‍ കൊണ്ടുവന്നത്. പത്തരയോടെ ആരംഭിച്ച പ്രസാദ ഊട്ടിന്റെ ആദ്യ രണ്ട് പന്തി വിളമ്പി ക്കഴിഞ്ഞ ശേഷമാണ് പായസത്തില്‍ പാമ്പിനെ കണ്ടത്.ആദ്യ രണ്ട് പന്തിക്കും നെയ് പായസമാണ് വിളമ്പിയത്. മൂന്നാമത്തെ പന്തി മുതല്‍ വിളമ്പുന്നതിനാണ് പാല്‍പ്പായസം തയ്യാറാക്കി വച്ചിരുന്നത്. ഇതിനായി പ്രസാദ ഊട്ടിന് മേല്‍നോട്ടം വഹിക്കുന്ന കീഴ്ശാന്തി നമ്പൂതിരി നോക്കിയപ്പോഴാണ് പായസത്തിലെ പാമ്പ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മൂന്ന് കുട്ടകത്തിലേയും പായസം പുറത്ത് കൊണ്ടു പോയി കളഞ്ഞു. പ്രസാദ ഊട്ടിനുള്ള ഹാളിനകത്ത് മുമ്പും പാമ്പിനെ കാണാറുള്ളതായി ജീവനക്കാര്‍ പറഞ്ഞു.

About the author

Related

JOIN THE DISCUSSION