കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ സഹകരണ സ്ഥാപനത്തില്‍ കോടികളുടെ വെട്ടിപ്പ്

കണ്ണൂര്‍: സഹകരണ സോസൈറ്റിയില്‍ കോടികളുടെ വെട്ടിപ്പ് കണ്ടെത്തി. കരിവെള്ളൂര്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. രണ്ട് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. മുക്കുപണ്ടം പണയംവച്ച് മൂന്ന് കോടിയോളം രൂപ സൊസൈറ്റി സെക്രട്ടറി തട്ടിയെടുക്കുകയായിരുന്നു. സഹകരണ യൂനിറ്റ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. മൂന്ന് വര്‍ഷമായി കോണ്‍ഗ്രസ് നേതൃത്വതിലുള്ള ഭരണസമിതിയാണുള്ളത്. പരിശോധനയെ തുടര്‍ന്ന് സൊസൈറ്റി സെക്രട്ടറി ഒളിവില്‍ പോയി. സൊസൈറ്റിയില്‍ സ്വര്‍ണം പണയംവച്ച് വായ്പയായി ആകെ നല്‍കിയിരിക്കുന്നത് മൂന്ന് കോടി പതിനാല് ലക്ഷം രൂപയാണ്. ഇതില്‍ രണ്ട് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷംരൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. സൊസൈറ്റിയിലത്തിയ ഇടപാടുകാരുടെയും നാട്ടുകാരുടെയും പേരില്‍ വ്യാജ രേഖകളുണ്ടാക്കി സെക്രട്ടറിയായ കെ വി പ്രദീപ്കുമാര്‍ പണം തട്ടുകയായിരുന്നുവെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തല്‍. പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ എത്തിയ ഉടനെ സൊസൈറ്റി സെക്രട്ടറിയും ചില ജീവനക്കാരും ഒളിവില്‍ പോയതായാണ് വിവരം. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെക്രട്ടറിയുടെ ചുമതലയിലായിരുന്നു മുഴുവന്‍ സ്വര്‍ണ പണയങ്ങളുമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

About the author

Related

JOIN THE DISCUSSION