ദുബായിയില്‍ വേലക്കാരിയായി ജോലി ചെയ്യുന്ന സ്ത്രീയെ ചതിയില്‍ പെടുത്തി വ്യഭിചാര വൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചതിന് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

അബുദാബി :വീട്ട്‌ജോലി ചെയ്യുന്ന സ്ത്രീയെ ചതിയില്‍ പെടുത്തി കടത്തി കൊണ്ട് വന്ന് വ്യഭിചാര വൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചതിന് ദുബായിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മുപ്പതും,ഇരുപ്പത്തിയഞ്ചും വയസ്സുള്ള ബംഗ്ലാദേശി പൗരന്‍മാരാണ് ഇന്നലെ പൊലീസ് വിരിച്ച വലയില്‍ കുടുങ്ങിയത്. ഇവര്‍ക്കെതിരെ മനുഷ്യക്കടത്തടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അബുദാബിയിലെ വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്തു വരികയായിരുന്ന എതോപ്യന്‍ യുവതിയെ സമീപിച്ച് ഒരു ഇന്തോനേഷ്യന്‍ യുവതി ഉയര്‍ന്ന ശമ്പളം വാഗ്ദാനം നല്‍കി പ്രലോഭിപ്പിക്കുകയായിരുന്നു. വേലക്കാരിയുടെ ജോലി തന്നെയായിരുന്നു ഇന്തോനേഷ്യക്കാരി ഇപ്പോള്‍ കിട്ടുന്നതിനേക്കാളും ഉയര്‍ന്ന വേതനം എതോപ്യന്‍ യുവതിക്ക് വാഗ്ദാനം ചെയ്തത്. ഇത് പ്രകാരം യുവതിക്ക് ജോലി സ്ഥലത്ത് നിന്നും ഒളിച്ചോടാനുള്ള വഴികളും ഒരുക്കി കൊടുത്തു.  യുവാക്കള്‍ വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് കാത്ത് നിന്നു.
അതിന് ശേഷം വേലക്കാരി ഈ വാഹനത്തില്‍ കയറി ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും കടന്നു കളയുകയായിരുന്നു. ഒളിച്ചോടിയ യുവതി ഇവരുടെ സങ്കേതത്തിലെത്തിയതോടെയാണ് ചതി മനസ്സിലാക്കുന്നത്. എന്നാല്‍ ഭീഷണിപ്പെടുത്തി ഗുണ്ടാ സംഘം യുവതിയെ കൊണ്ട് വേശ്യാവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചു. വാട്ട്‌സാപ്പ് വഴിയായിരുന്നു ഈ സംഘം പെണ്‍വാണിഭ ഇടപാടുകള്‍ നടത്തി വന്നിരുന്നത്. എതോപ്യന്‍ യുവതിയെ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്ന രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ആവശ്യക്കാരന്‍ എന്ന വ്യാജേന പൊലീസ് ഇവരെ സമീപിക്കുകയായിരുന്നു. ഫോണിലൂടെ വില ഉറപ്പിച്ചതിന് ശേഷം യുവതിയെ കൈമാറാന്‍ വേണ്ടി പോയപ്പോഴാണ് യുവാക്കള്‍ പിടിയിലായത്. കേസില്‍ ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

About the author

Related

JOIN THE DISCUSSION