ഇരുപതുകാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 750 ഗ്രാം മുടി;ഇത്രയും മുടിയെത്താന്‍ കാരണമിതാണ്

മുംബൈ : ഇരുപത് കാരിയുടെ വയറിനുള്ളില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ 750 ഗ്രാം മുടി പുറത്തെടുത്തു. മഹാരാഷ്ട്രയിലെ ഘാട്‌കോപ്പര്‍ രാജ്‌വാഡി ആശുപത്രിയാണ് അപൂര്‍വതയ്ക്ക് വേദിയായത്. സ്വന്തം മുടി തിന്നുന്നത് പെണ്‍കുട്ടി ശീലമാക്കുകയായിരുന്നു. കുറച്ചുനാളുകളായി പെണ്‍കുട്ടിയുടെ ഭാരത്തില്‍ വലിയ തോതില്‍ കുറവ് വന്നു. 20 കാരിയുടെ ഭാരം 30 കിലോയിലെത്തി.ഇതിന് പിന്നാലെ ഗുരുതരമായ വയറുവേദനയും അനുഭവപ്പെട്ടതോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചത്. അപൂര്‍വം പേരില്‍ കാണപ്പെടുന്ന റാപുന്‍സല്‍ സിന്‍ഡ്രമാണിതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വയറിനുള്ളില്‍ മുടി നിറഞ്ഞിരുന്നതിനാല്‍ പെണ്‍കുട്ടിക്ക് ഭക്ഷണം കഴിക്കാന്‍ സാധിച്ചിരുന്നില്ല. കുടലുകളിലും മുടി കുരുങ്ങിക്കിടന്നിരുന്നു. 103 സെന്റിമീറ്റര്‍ നീളത്തിലാണ് മുടി കാണപ്പെട്ടത്.ചെറുകുടല്‍ വരെ മുടി വ്യാപിച്ചിരുന്നു. വര്‍ഷങ്ങളായി പെണ്‍കുട്ടി മുടി കഴിച്ചുവന്നതിന്റെ ഫലമായിരുന്നു ഇത്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവില്‍ വന്‍ കുറവുണ്ടായതുള്‍പ്പെടെയുള്ള സങ്കീര്‍ണ്ണതകളെ അതിജീവിച്ചാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്‌. എന്നാല്‍ തന്റെ വയറിനുള്ളില്‍ മുഴയുണ്ടായിരുന്നതായും അത് നീക്കം ചെയ്തതില്‍ ആശ്വാസമുണ്ടെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം.

About the author

Related

JOIN THE DISCUSSION