ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിലേക്ക്; കാവ്യയുടെ വില്ലയിലെ സന്ദര്‍ശക  രജിസ്റ്റര്‍ അപ്രത്യക്ഷമായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പുതിയ ജാമ്യാപേക്ഷ നാളെ ഹൈക്കോടതിയില്‍ നല്‍കും. ജയിലിലായി 60 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ജാമ്യം തേടി ദിലീപ് കോടതിയെ സമീപിക്കുന്നത് ഇത് നാലാം തവണയാണ്. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും അപേക്ഷ നല്‍കുക. ഉപാധികള്‍ പൂര്‍ണമായും പാലിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുത്ത കാര്യം ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടും. മുന്‍പ് രണ്ടുതവണയും ഹൈക്കോടതി ജാമ്യം  നിഷേധിച്ചിരുന്നു. ജാമ്യഹര്‍ജിയുമായി ദിലീപ് നാളെ വീണ്ടും കോടതിയെ സമീപിക്കുമ്പോള്‍ കേസില്‍ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരാവാത്തത് അടക്കമുള്ള കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയേക്കും. നടന്‍ ഗണേഷ് കുമാര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചതും പ്രോസിക്യൂഷന്റെ വാദങ്ങളായി എത്തിയേക്കുമെന്നാണ് സൂചനകള്‍. അതിനിടെ കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. നടി ആക്രമിക്കപ്പെടുന്നതിനു മുന്‍പും ശേഷവുമുള്ള രജിസ്റ്ററുകളാണ് കാണാതായത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി കാവ്യാ മാധവന്റെ വീട്ടില്‍ പോയിരുന്നു എന്ന് പറയപ്പെടുന്ന ദിവസത്തേയും നടി ആക്രമിക്കപ്പെട്ട കാലയളവിലെ സന്ദര്‍ശകരുടെയും പേരും ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്ററാണ് കാണാതായതെന്നാണ് സെക്യൂരിറ്റി ജീവനക്കാര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. അടുത്ത കാലത്തുണ്ടായ ശക്തമായ മഴയില്‍ രജിസ്റ്റര്‍ സൂക്ഷിച്ചിരുന്ന സെക്യൂരിറ്റി കാബിനില്‍ വെള്ളം കയറിയെന്നും ഇവിടെ സൂക്ഷിച്ചിരുന്ന രജിസ്റ്ററില്‍ വെള്ളം കയറി നശിച്ചെന്നുമാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നേരത്തെ പള്‍സര്‍ സുനി കാവ്യാ മാധവന്റെ വില്ലയില്‍ എത്തിയിരുന്നതായി പൊലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം, സെക്യൂരിറ്റി ജീവനക്കാരുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. രജിസ്റ്റര്‍ നശിപ്പിച്ചതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നാണ് സൂചന. പള്‍സര്‍ സുനിയും കാവ്യാ മാധവനും തമ്മിലുള്ള പരിചയം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് പൊലീസ് സന്ദര്‍ശക രജിസ്റ്റര്‍ തേടി കാവ്യയുടെ വില്ലയിലെത്തിയത്. കേസില്‍ നിര്‍ണ്ണായക തെളിവാണ് ഈ രജിസ്റ്റര്‍.

About the author

Related

JOIN THE DISCUSSION