ദിലീപിനും നാദിര്‍ഷയ്ക്കും ഇന്ന് നിര്‍ണായകം; പ്രതീക്ഷയോടെ താരങ്ങള്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. അറുപത് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ദിലീപ് മൂന്നാമതും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍ പിള്ള വഴിയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. അതേസമയം സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. 
പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്ന് കാണിച്ചാണ് ദിലീപ് കോടതിയെ സമീപിക്കുന്നത്. നേരത്തെ ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍ തന്നെയാണ് പുതിയ ജാമ്യഹര്‍ജിയും പരിഗണനയ്ക്ക് വരുന്നത്. അതിനാല്‍ത്തന്നെ പുതിയ ജാമ്യഹര്‍ജിയില്‍ ദിലീപിന് അനുകൂലമായ വിധി ഉണ്ടാകുമോ എന്ന സംശയം അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പോലും പ്രകടിപ്പിക്കുന്നുണ്ട്.
ഒക്ടോബര്‍ ആദ്യവാരം കുറ്റപത്രം സര്‍പ്പിക്കുന്നതിനാല്‍ ജാമ്യഹര്‍ജി നല്‍കാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇത്. ഈ ഹര്‍ജി കൂടി കോടതി തള്ളിയാല്‍ പിന്നെ വിചാരണ തടവുകാരനായി ജയിലില്‍ തുടരാന്‍ മാത്രമേ ദിലീപിന് സാധിക്കുകയുള്ളൂ.
ജാമ്യഹര്‍ജിയുമായി ദിലീപ് ഇന്ന് കോടതിയെ സമീപിക്കുമ്പോള്‍ കേസില്‍ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരാവാത്തത് അടക്കമുള്ള കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയേക്കും. നടന്‍ ഗണേഷ് കുമാര്‍ അടക്കം സിനിമാ മേഖലയില്‍നിന്നുള്ള പ്രമുഖര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചതും പ്രോസിക്യൂഷന്റെ വാദങ്ങളായി എത്തിയേക്കും.
നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റുചെയ്യുമെന്ന് ഭീഷണിയുള്ളതിനാലാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. പോലീസ് നിര്‍ദേശിക്കുംവിധം മൊഴിനല്‍കാന്‍ സമ്മര്‍ദമുണ്ടെന്നും അതിനുവേണ്ടി അറസ്റ്റിനുവരെ സാധ്യതയുണ്ടെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ സെറ്റില്‍വെച്ച് നാദിര്‍ഷ പണം നല്‍കിയെന്ന പള്‍സര്‍ സുനിയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുനിയുമായി പണമിടപാട് നടത്തിയിരുന്നോ എന്നന്വേഷിക്കാനാണ് നാദിര്‍ഷയെ രണ്ടാമതും ചോദ്യംചെയ്യാന്‍ പോലീസ് ഒരുങ്ങുന്നത്. നാദിര്‍ഷ ആദ്യം നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മൊഴിയില്‍ പറയുന്ന തീയതി സുനി തൊടുപുഴയില്‍ ചെന്നിരുന്നെന്ന് ടവര്‍ ലൊക്കേഷന്‍വഴി പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും. അതേസമയം, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടാണ് പള്‍സര്‍ സുനി തനിക്കെതിരെ മൊഴി നല്‍കുന്നതെന്നാണ് നാദിര്‍ഷയുടെ വാദം. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാദിര്‍ഷ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

About the author

Related

JOIN THE DISCUSSION