ദിലീപിനെ കാണാന്‍ അമ്മ സരോജം ജയിലില്‍ എത്തി

കൊച്ചി: ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലില്‍ എത്തി. സഹോദരന്‍ അനൂപിനൊപ്പമാണ് ജയിലെത്തിയത്. ജയില്‍വാസം നീളുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. നേരത്തെ അമ്മയോടും ഭാര്യയോടും മകളോടും ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അനൂപിനൊപ്പം ഉച്ചകഴിഞ്ഞ് 3.25 ഓടെയാണ് ഇവര്‍ സബ് ജയിലില്‍ എത്തിയത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ശരത്തും സബ് ജയിലില്‍ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിച്ചില്ല. ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലാകുന്നത്. ഇതിനു ശേഷം ദിലീപിനെ മൂന്നു തവണ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും രണ്ടു തവണയും കോടതി ഹര്‍ജി തള്ളുകയായിരുന്നു. വീണ്ടും സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റി. പ്രോസിക്യൂഷന്റെ നിലപാട് അറിയിക്കുന്നതിന് വേണ്ടിയാണ് ജാമ്യഹര്‍ജി മാറ്റിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി സി. ശ്രീധരന്‍ നായരും ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയും ഹാജരായി. ഹര്‍ജിയില്‍ കുടുതല്‍ വാദത്തിനായി തിയതി നിശ്ചയിക്കുകയായിരുന്നു. അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ നിലപാട് രേഖാമൂലം അറിയിക്കണം. ഇന്നലെയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അന്വേഷണ സംഘത്തിനും മാധ്യമങ്ങള്‍ക്കും എതിരെ നിരവധി ആരോപണങ്ങള്‍ പുതിയ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം ദിലീപിന്റെ ആരോഗ്യം മോശമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദിലീപിനെ സന്ദര്‍ശിച്ച നിര്‍മാതാവ് സുരേഷ് കുമാറും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ചെവിക്കുള്ളിലെ ഫ്‌ലൂയിഡ് കുറയുന്ന അവസ്ഥയാണ് ദിലീപിനെന്നും അദ്ദേഹത്തിന് തുടര്‍ച്ചയായ തലകറക്കം അനുഭവപ്പെട്ടിരിന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടമെന്നും ഏതു നിമിഷവും കരച്ചിലാണവരെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

ദിലീപിനെ കാണാൻ അമ്മ സരോജം ആലുവ സബ് ജയിലിൽ

Mathrubhumiさんの投稿 2017年8月11日(金)

About the author

Related

JOIN THE DISCUSSION