കടക്ക് പുറത്ത്- പിരിവിനെത്തിയ സിപിഎം പ്രവര്‍ത്തകരെ ദേവികുളം സബ്കളക്ടര്‍ പുറത്താക്കി

മൂന്നാര്‍: ദേവികുളം ആര്‍.ഡി.ഒ. ഓഫീസില്‍ പാര്‍ട്ടി ഫണ്ട് പിരിക്കാനെത്തിയ സി.പി.എം. പ്രവര്‍ത്തകരെ സബ്കലക്ടര്‍ പുറത്താക്കി. ആര്‍ഡിഒ ഓഫീസ് പിരിവ് നടത്താനുള്ള സ്ഥലമല്ലെന്ന് വിആര്‍ പ്രേംകുമാര്‍ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രവര്‍ത്തകരെ പുറത്താക്കാന്‍ സബ്കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ഗണ്‍മാന്‍ ഇവരെ പുറത്താക്കുകയായിരുന്നു. നായനാര്‍ സ്മാരകത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായുള്ള ഹൂണ്ടികപ്പിരിവിനാണ് സിപിഎം പ്രവര്‍ത്തകര്‍ ആര്‍ഡിഒ ഓഫീസിലെത്തിയത്. എന്നാല്‍ ഓഫീസിനുള്ളില്‍ പിരിവ് നടത്താന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി അംഗം ആര്‍ ഈശ്വരന്‍, ദേവികുളം ലോക്കല്‍ സെക്രട്ടറി ജോബിജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് പിരിവിനായി എത്തിയത്. പിരിവ് നടത്താന്‍ അനുവദിക്കാതെ തങ്ങളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ ദേവികുളത്ത് പ്രതിഷേധ പ്രകടനം നടത്തി. ഓഫീസില്‍ പിരിവ് പറ്റില്ലെന്ന് പറഞ്ഞത് സബ് കലക്ടര്‍ ആയിരുന്നെങ്കിലും പുറത്താക്കിയ ഗണ്‍മാന് നേര്‍ക്കായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഗണ്‍മാനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. കൈയേറ്റമൊഴിപ്പിക്കലിനെതിരെ ശക്തമായ നിലപാട് എടുത്ത ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിനെത്തുടര്‍ന്നാണ് വയനാട് സബ്കലക്ടര്‍ ആയിരുന്ന പ്രേംകുമാര്‍ മൂന്നാറിലെത്തിയത്.

About the author

Related

JOIN THE DISCUSSION