അഖില ധനഞ്ജയ ഹണിമൂണ്‍ നടക്കാത്തതിന്റെ കലിപ്പ് തീര്‍ത്തത് ഇന്ത്യയോട്

കൊളംബോ: വിവാഹം കഴിഞ്ഞ് 24 മണിക്കൂര്‍ മുന്‍പ് തന്നെ ജോലിയിലേക്ക് പ്രവേശിക്കേണ്ടി വരുന്ന ഒരാളുടെ മാനസികാവസ്ഥ എന്തായിരിക്കും. ഹണിമൂണിന് പോലും പോകാന്‍ പറ്റാത്തതിന്റെ കലിപ്പിലായിരുന്നു ശ്രീലങ്കന്‍ താരം അഖില ധനഞ്ജയനെന്നാണ് ക്രിക്കറ്റ് ആരാധകരുടെ കണ്ടുപിടുത്തം. ഇതിനു കാരണം ഇന്നലെ നടന്ന ആവേശകരമായ ഇന്ത്യാ ശ്രീലങ്ക മത്സരം തന്നെയാണ്. അനായാസ വിജയം പ്രതീക്ഷിച്ച ഇന്ത്യയെ അഖില ധനഞ്ജയ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചു കളഞ്ഞു. വിജയം ഉറപ്പിച്ച ആദ്യ പകുതിക്ക് ശേഷം ഇന്ത്യ തോല്‍വി മുന്നില്‍ കണ്ട നിമിഷങ്ങളായിരുന്നു പല്ലേക്കല്ലില്‍ അരങ്ങേറിയത്. മികച്ച ഓപ്പണിങ്ങ് കൂട്ടുകെട്ടിനു ശേഷം ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. തന്റെ വിവാഹം കഴിഞ്ഞ് 24 മണിക്കൂര്‍ തികയുന്നതിനു മുമ്പായിരുന്നു ധനഞ്ജയ രണ്ടാം ഏകദിനത്തിനുള്ള ടീമിനൊപ്പം ചേര്‍ന്നത്. കളിക്കൂട്ടുകാരി നതാലി തെക്ഷിനിയെ മിന്നുചാര്‍ത്തിയ താരത്തിന്റെ മധുവിധു ആഘോഷമായിരുന്നു ഇന്നലെ മൈതാനത്ത് കണ്ടതെന്നാണ് ആരാധകരുടെ അഭിപ്രായം. ഭാര്യയേയും കൂട്ടിയായിരുന്നു ധനഞ്ജയ രണ്ടാം ഏകദിനത്തിനെത്തിയത്. ധനഞ്ജയയുടെ വിക്കറ്റ് വേട്ട തെക്ഷിനിയും നേരില്‍ കണ്ടു. 109/1 എന്ന നിലയില്‍ നിന്ന് 131/7 എന്ന നിലയിലേക്കായിരുന്നു ഈ യുവ സ്പിന്നര്‍ ഇന്ത്യയെ തള്ളിയിട്ടത്. 54 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത അഖില ധനഞ്ജയ ഇന്ത്യന്‍ നിരയെ ഞെട്ടിച്ചു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധോണി- ഭുവി കൂട്ട്‌കെട്ട് വിജയം തിരിച്ചുപിടിക്കുകയായിരുന്നു. കളികഴിഞ്ഞ ശേഷം മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങുമ്പോഴാണ് താരം താന്‍ ബുധനാഴ്ച്ച രാത്രിയാണ് ഹോട്ടലില്‍ എത്തിയതെന്ന് പറഞ്ഞത്. പരമ്പരക്കിടയില്‍ നടന്ന വിവാഹം ആയിരുന്നതിനാല്‍ ടീംമഗങ്ങള്‍ക്ക് ആര്‍ക്കും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ധനഞ്ജയ പറഞ്ഞു.

About the author

Related

മുംബൈ :ഇന്ത്യന്‍ ക്രിക്കറ്റ് ടീം...

JOIN THE DISCUSSION