കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനം; ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പശുവില്‍പ്പന പൊടിപൊടിക്കുന്നു

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന വിജ്ഞാപനത്തിനു പിന്നാലെ ഇകൊമേഴ്‌സ് സൈറ്റുകളിലൂടെയുള്ള പശുവില്‍പ്പനയില്‍ വന്‍ മുന്നേറ്റം. വിജ്ഞാപനം പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഒഎല്‍എക്‌സ് അടക്കമുള്ള വിവിധ ഇകൊമേഴ്‌സ് സൈറ്റുകളിലൂടെ നൂറു കണക്കിന് പശുക്കളെയാണ് വില്‍പ്പനക്ക് വച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ ഒരു ക്ഷീര കര്‍ഷകന്‍ ബ്രൌണ്‍ നിറത്തിലുള്ള തന്റെ നാടന്‍ പശുവിന് 75,000 രൂപയാണ് വില ഇട്ടിരിക്കുന്നത്. ചില പ്രത്യേക സമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പശുവിനെ വില്‍ക്കില്ലെന്ന നിബന്ധനയും ഇയാള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ തന്നെ ഖാസിപൂര്‍ നിവാസിയായ ഭീം സിങ് വിപണി വിലയില്‍ നിന്ന് 50 ശതമാനം വരെ വിലകുറച്ച് തന്റെ മൂന്ന് പശുക്കളെ വില്‍ക്കാനുള്ള സന്നദ്ധതയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. പശുക്കളെ സൂക്ഷിക്കുന്നത് അപകടകരമാണെന്നും ഏത് നിമിഷവും ആരെങ്കിലും വന്ന് മര്‍ദിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയാണ് ഇയാള്‍ പങ്കുവച്ചത്. പശുക്കളെ ഇ കൊമേഴ്‌സ് സൈറ്റുകളിലൂടെ വിപണനത്തിന് ഒരുങ്ങുന്നത് ഇതാദ്യമായല്ലെങ്കിലും വളര്‍ത്തു മൃഗങ്ങളുടെ പട്ടികയില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് ഉണ്ടാകുക പതിവ്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇത് വര്‍ധിച്ചു. കശാപ്പ്‌നിരോധനം വന്നതോടെ പൊതു വിപണിയിലെ വില്‍പ്പനെയെക്കാള്‍ സുരക്ഷിതം ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പനയാണെന്ന ചിന്ത വര്‍ധിച്ചു വരുന്നതായാണ് സൂചന. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം മൃഗങ്ങളും പക്ഷികളും നേരത്തെ തന്നെ വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്. എന്നാല്‍ പശുക്കള്‍ വില്‍പ്പനയ്‌ക്കെത്തുന്നത് വളരെ അപൂര്‍വ്വമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി വില്‍പ്പന നിയന്ത്രണം
സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നതോടെയാണ് വില്‍പ്പനയ്‌ക്കെത്തുന്ന പശുക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായത്.

About the author

Related

JOIN THE DISCUSSION