കൗമാരക്കാരന്‍ ക്ലാസ്മുറിയില്‍ സഹ വിദ്യാര്‍ത്ഥിക്ക് നേരെ നിറയൊഴിച്ചു;16 കാരന്റെ നില ഗുരുതരം

സോണിപത് : ഹരിയാനയിലെ സോണിപതില്‍ ക്ലാസ് മുറിയില്‍വെച്ച് കൗമാരക്കാന്‍ സഹ വിദ്യാര്‍ത്ഥിക്ക് നേരെ നിറയൊഴിച്ചു. വെടിയേറ്റ വിദ്യാര്‍ത്ഥി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഹരിയാനയിലെ സോണിപതിലെ ഒരു ഐടിഐയിലായിരുന്നു സംഭവം. ക്ലാസില്ലാതിരുന്ന സമയത്താണ് ആക്രമണം അരങ്ങേറിയത്.ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥി ബഞ്ചിലിരുന്ന് വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു. ഈ സമയം രണ്ട് വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്ക് അടുത്തേക്ക് എത്തുന്നു. ഇതില്‍ ഒരാള്‍ തോക്കെടുക്കുകയും സഹ വിദ്യാര്‍ത്ഥിയുടെ പുറകില്‍ നിറയൊഴിക്കുകയുമായിരുന്നു.വിദ്യാര്‍ത്ഥി വെടിയേറ്റ് നിലം പതിക്കുന്നു.തുടര്‍ന്ന് അക്രമികള്‍ ഓടി രക്ഷപ്പെടുന്നു. അതേസമയം ഭയചകിതരായ മറ്റ് വിദ്യാര്‍ത്ഥികളും ഓടി മാറുന്നുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. 16 ഉം 17 ഉം വയസുകാരായ 2 വിദ്യാര്‍ത്ഥികളാണ് ആഖ്രമണത്തിന് പിന്നില്‍. നിറയൊഴിച്ച വിദ്യാര്‍ത്ഥിയും വെടിയേറ്റ വിദ്യാര്‍ത്ഥിയും തമ്മില്‍ കുറച്ചുദിവസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു.ഇതേ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തോക്ക് സംഘടിപ്പിച്ച് പ്രതികാരം ചെയ്യാനെത്തുകയായിരുന്നു.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിവൈഎസ്പി രാഹുല്‍ ദേവ് വ്യക്തമാക്കി. കുട്ടികള്‍ക്ക് തോക്ക് എവിടെനിന്ന് ലഭിച്ചുവെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ റോഹ്തകിലെ പണ്ഡിറ്റ് ഭഗ്വത് ദയാല്‍ ശര്‍മ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

About the author

Related

JOIN THE DISCUSSION