കാന്‍ഡിക്രഷ് കളിച്ച് പത്തു വയസ്സുകാരി; ബോധം കെടുത്താതെ തലച്ചോര്‍ ശസ്ത്രക്രിയ ചെയ്ത് ഡോക്ടര്‍മാരും

ചെന്നൈ: തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്യുമ്പോള്‍ കാന്‍ഡി ക്രഷ് സാഗാ കളിക്കുകയായിരുന്നു ആ പത്തുവയസുകാരി. മൂന്നരമണിക്കൂര്‍ നേരം ബോധം കെടുത്താതെയുള്ള ശസ്ത്രക്രിയ. അടിക്കടി ഉണ്ടാകുന്ന അപസ്മാരത്തിനു ചികില്‍സ തേടിയാണു നന്ദിനിയെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ മസ്തിഷ്‌കത്തിലെ പ്രധാന നാഡികളില്‍ ട്യൂമര്‍ കണ്ടെത്തി. നന്ദിനിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ബോധം കൊടുത്തി കുട്ടിയെ ശസ്ത്രക്രിയ ചെയ്യുക സാധ്യമല്ലായിരുന്നു. കാര്യമറിഞ്ഞ മാതാപിതാക്കള്‍ ഭയപ്പെട്ടു. ഒടുവില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കാന്‍ഡി ക്രഷ് കളിച്ച് ശസ്ത്രിക്രിയക്ക് വിധേയമാകാന്‍ കുട്ടി തയ്യാറായിരുന്നു. ശസ്ത്രക്രിയയോടു നന്ദിനി പൂര്‍ണമായി സഹകരിച്ചു. കാന്‍ഡിക്രഷ് കളിക്കുന്ന തിരക്കിനിടയിലും നിര്‍ദേശാനുസരണം കൈകാലുകള്‍ ചലിപ്പിച്ചു. മൂന്നര മണിക്കൂര്‍ ശസ്ത്രക്രിയയ്ക്കിടയില്‍ ഒരിക്കല്‍പോലും അവള്‍ പരിഭ്രമം കാട്ടിയില്ലെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ശരീരത്തിന്റെ ഇടതുഭാഗത്തെ അവയവങ്ങളെ നിയന്ത്രിക്കുന്ന ഭാഗത്തു കണ്ടെത്തിയ ട്യൂമര്‍ നീക്കിയില്ലെങ്കില്‍ ആ വശം തളര്‍ന്നുപോവുകയോ മസ്തിഷ്‌ക മരണം സംഭവിക്കുകയോ ചെയ്യാമായിരുന്നെന്നു ചികില്‍സയ്ക്കു നേതൃത്വം നല്‍കിയ ഡോ.രൂപേഷ് കുമാര്‍ പറഞ്ഞു. കുട്ടിയെ ബോധത്തോടെ കിടത്തി കൈകാലുകളും മുഖവും പതുക്കെ ചലിപ്പിക്കാനാവശ്യപ്പെട്ട്, അതേ വേളയില്‍ ഞരമ്പുകള്‍ക്ക് ക്ഷതമേല്‍ക്കാതെ മുഴ പതുക്കെ നീക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി. കുട്ടിയുടെ ചലനം നിരീക്ഷിച്ചുകൊണ്ടുള്ള ശസ്ത്രക്രിയ രിതിയാണിതെന്നും ആത്മധൈര്യവും മനക്കരുത്തുമുള്ളവര്‍ക്കുമാത്രമേ ഇതിനോടു സഹകരിക്കാനാവുകയുള്ളൂവെന്നും ഡോക്ടര്‍ പറഞ്ഞു. മുതിര്‍ന്ന രോഗികളില്‍പോലും രണ്ടു ശതമാനം പേരില്‍ മാത്രമാണ് ഇത്തരം ശസ്ത്രക്രിയ നടത്തേണ്ടിവരിക. കുട്ടികളില്‍ വളരെ അപൂര്‍വമായേ ഇത്തരത്തില്‍ ട്യൂമര്‍ നീക്കംചെയ്തിട്ടുള്ളൂവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

About the author

Related

JOIN THE DISCUSSION