തന്റെ സിനിമാ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചത് ദിലീപല്ലെന്ന് ഭാമ

മലയാള സിനിമയിലെ തന്റെ അവസരങ്ങള്‍ ഒരു നടന്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് നടി ഭാമ വെളിപ്പെടുത്തിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. എന്നാല്‍ ആ നടന്‍ ആരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ചില മാധ്യമങ്ങള്‍ ആ നടന്‍ ദിലീപ് ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. ഇതില്‍ വിശദീകരണവുമായി ഭാമ തന്നെ രംഗത്തെത്തി. തന്റെ സിനിമാ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചത് ദിലീപല്ലെന്ന് ഭാമ തുറന്നു പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭാമ വിശദീകരണവുമായി എത്തിയത്. ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയുടെ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തുവാന്‍ വേണ്ടിയാണ് വിശദീകരണമെന്ന് ഭാമ പറഞ്ഞു. താന്‍ നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും അതില്‍ പറഞ്ഞിരിക്കുന്ന നടന്‍ ദിലീപ് അല്ല എന്ന് താന്‍ വെളിപ്പെടുത്തുകയാണെന്നും ഭാമ പറഞ്ഞു. ഒരാഴ്ച മുമ്പ് മറ്റൊരു മാദ്ധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ടുമായി തനിക്ക് യാതൊരുവിധ ബന്ധവും ഇല്ലെന്നും അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും ഭാമ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു. 

‘ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അതിലെ അവസരം മുടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സജി സുരേന്ദ്രന്‍ തന്നോട് പറഞ്ഞിരുന്നതായണ് അഭിമുഖത്തില്‍ ഭാമ പറഞ്ഞത്. അയാളുടെ പേര് കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ഭാമ പറഞ്ഞു. സജി സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ അതത്ര കാര്യമാക്കിയില്ല. എനിക്കും സിനിമയില്‍ ശത്രുക്കളോ എന്ന് വിചാരിച്ചു. എന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാണെന്നാണ് ആ ശത്രുക്കള്‍ പറഞ്ഞു പരത്തുന്നത്. കുറച്ച് നാള്‍ മുന്‍പ് വി.എം.വിനു സംവിധാനം ചെയ്ത ‘മറുപടി’ എന്ന ചിത്രത്തില്‍ അഭിനിയിച്ചു. ഷൂട്ടിംഗ് തീരാറായപ്പോള്‍ നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ എന്ന് വിനുച്ചേട്ടന്‍ പറഞ്ഞു. സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്പ് ഒരാള്‍ വിളിച്ച് നിന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ പുലിവാലാകുമെന്നും പറഞ്ഞു. ആള്‍ ആരെന്ന് പറയാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം പേര് വെളിപ്പെടുത്തി. ആ പേര് കേട്ട് ഞാന്‍ ഞെട്ടി. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരാളായിരുന്നു അത്’ ഇതായിരുന്നു ഭാമ അഭിമുഖത്തില്‍ പറഞ്ഞത്.

ഭാമയുടെ ഫെയ്സ്ബുക്ക്

എല്ലാവർക്കും നമസ്കാരം, 
ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാർത്തയുടെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തുവാൻ വേണ്ടി മാത്രമാണ് ഇപ്പോൾ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. പ്രമുഖ വാരികയായ ‘വനിതക്ക് ‘ഞാൻ നൽകിയ ഇന്റർവ്യൂ വിലെ ചില പ്രസക്തഭാഗങ്ങൾ ആണ് എല്ലാവർക്കും തെറ്റിധാരണ നൽകാൻ കാരണമായതെന്ന് ഞാൻ കരുതുന്നു. ‘പ്രസ്തുത വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വ്യക്തി നടൻ ദിലീപ് അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ’.ഒരാഴ്ച മുൻപ് മറ്റൊരു മാധ്യമത്തിൽ മുതിർന്ന പത്രലേഖകൻ എഴുതിയ റിപ്പോർട്ട് മായി,എനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോൾ ഞാൻ നൽകിയ അഭിമുഖത്തിലെ വാക്കുകൾ ബന്ധിപ്പിച്ചു വാർത്തകൾ വളച്ചൊടിക്കരുതെന്നും അഭ്യർത്ഥിക്കുന്നു. 
സ്നേഹത്തോടെ, 
ഭാമ

About the author

Related

JOIN THE DISCUSSION