11 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് മൊബൈല്‍ ഫോണും ആഭരണങ്ങളും വാങ്ങിയ കേസില്‍ പിതാവ് അറസ്റ്റില്‍

ഭുവനേശ്വര്‍ :11 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് മൊബൈല്‍ ഫോണും ആഭരണങ്ങളും വാങ്ങിയ കേസില്‍ പിതാവ് അറസ്റ്റില്‍. ഒഡീഷയിലെ ഭുവനേശ്വറിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. ഭുവനേശ്വര്‍ സ്വദേശിയായ ബല്‍റാം മുല്‍ഖിയാണ് 11 മാസം പ്രായമുള്ള തന്റെ മകനെ വിറ്റ് മൊബൈലും മകള്‍ക്ക് ആഭരണവും ഭാര്യക്ക് സാരിയും വാങ്ങി നല്‍കിയത്. 25000 രൂപയ്ക്കാണ് ഇയാള്‍ കുഞ്ഞിനെ ഒരു വൃദ്ധ ദമ്പതികള്‍ക്ക് വിറ്റത്. ഏക മകന്റെ പെട്ടെന്നുണ്ടായ അകാല മരണത്തെ തുടര്‍ന്ന് കനത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഈ വൃദ്ധ ദമ്പതികള്‍.ബല്‍റാമിന്റെ ഭാര്യ സഹോദരനും പ്രദേശത്തുള്ള ഒരു അംങ്കനവാടി അധ്യാപകനുമാണ് കുട്ടിയെ ഇവര്‍ക്ക് കൈമാറുന്നതില്‍ ഇടനിലക്കാരായി നിന്നത്. ഇവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കടുത്ത മദ്യപാനിയായ ബല്‍റാം തൊഴില്‍ രഹിതനാണ്. സാധനങ്ങള്‍ വാങ്ങി ബാക്കി വന്ന തുക ഇയാള്‍ കുടിച്ച് തീര്‍ത്തതായും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയെ വില്‍ക്കുന്നത് സംബന്ധിച്ച് വീട്ടില്‍ ഭാര്യയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇത് അടിപിടിയില്‍ കലാശിച്ചതിനെ തുടര്‍ന്ന് കുടുംബത്തിലെ എല്ലാവരും ഉറങ്ങുന്ന സമയത്ത് ബല്‍റാം കുട്ടിയേയും എടുത്ത് കടന്നു കളയുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ പൊലീസില്‍ മൊഴി നല്‍കി. തുടര്‍ന്ന് പിറ്റേന്ന് രാവിലെയാണ് മകള്‍ക്ക് ആഭരണങ്ങളും ഭാര്യക്ക് സാരിയുമായി ബല്‍റാം വീട്ടിലേക്ക് തിരിച്ച് വന്നത്.

About the author

Related

JOIN THE DISCUSSION