പട്ടുമെത്ത പോലൊരു അന്താരാഷ്ട്ര ഫുട്‌ബോള്‍ മൈതാനം നിര്‍മ്മിക്കുന്നതെങ്ങനെ? വീഡിയോ പുറത്ത് വിട്ട് അത്‌ലറ്റികോ മാഡ്‌റിഡ്

സ്‌പെയിന്‍ :പച്ച നിറഞ്ഞ പുല്‍മൈതാനങ്ങളാല്‍ ആകര്‍ഷകമാണ് അന്താരാഷ്ട്ര മത്സരങ്ങളിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍. പലപ്പോഴും കളിക്കാരുടെ ചടുല നീക്കങ്ങളോടൊപ്പം തന്നെ കാണികളെ പിടിച്ച് ഇരുത്തുന്നതില്‍ മനോഹരമായ സ്‌റ്റേഡിയങ്ങളും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. അതുപോലെ തന്നെ ലോക പ്രശസ്തമായ പല ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കും  ഹോം ഗ്രൗണ്ടുകള്‍ എന്നും തങ്ങളുടെ അന്തസ്സും പ്രൗഢിയും കാണിക്കാനുള്ള സൂചകങ്ങളാണ്.ഇതൊക്കെ കൊണ്ട് തന്നെ ഗാംഭീര്യം ഒട്ടും ചോര്‍ന്ന് പോകാതെ തന്നെയാണ് പ്രമുഖ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡ് തങ്ങളുടെ പുതിയ ഹോം ഗ്രൗണ്ടായ വാണ്ഡാ മെട്രോപൊളിറ്റിന്യോ സ്‌റ്റേഡിയവുമായി എത്തിയിരിക്കുന്നത്. ഇതോടൊപ്പം ചേര്‍ന്ന് നിര്‍മ്മിച്ച് കളിക്കാര്‍ക്കായുള്ള വിശ്രമ മുറിയും ഏറെ പുതുമ നിറഞ്ഞതാണ്. പഴയ ഹോം ഗ്രൗണ്ടിലെ സൗകര്യങ്ങളുടെ പരിമിതി മൂലം കഴിഞ്ഞ 3 ലാലിഗ മത്സരങ്ങളും അത്‌ലറ്റികോ മാഡ്രിഡിന് സ്വന്തം മൈതാനത്തില്‍ നിന്ന് കളിക്കാന്‍ സാധിച്ചിരുന്നില്ല.ഈ വരുന്ന സെപ്റ്റംബര്‍ 16 നാണ് ടീമിന്റെ പുതിയ ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരം. മലാഗയുമായാണ് അത്‌ലറ്റികോ മാഡ്‌റിഡ് സെപ്റ്റംബര്‍ 16 ന് ഏറ്റുമുട്ടുന്നത്. ലോക പ്രശസ്ത ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളായ മാരക്കാനയും ക്യംപ് നൗ വും നിര്‍മ്മിച്ച അന്താരാഷട്ര കമ്പനിയായ റോയല്‍വേഡ് ആണ് ഈ മൈതാനത്തിന്റെയും നിര്‍മ്മാണത്തിന്റെ പിറകില്‍. കഴിഞ്ഞ ഡിസംബറിലാണ് മൈതാനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.ആദ്യം 3.5 സെന്റി മീറ്റര്‍ കനത്തില്‍ തറ നിര്‍മ്മിച്ച് ശേഷം 25 സെന്റി മീറ്ററില്‍ സിലിക്കയും അതിന് മുകളില്‍ 20 സെന്റി മീറ്റര്‍ കനത്തില്‍ പുല്ലും വിരിച്ചാണ് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ രീതി. സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിലെ വിവിധ ഘട്ടങ്ങള്‍ കാണിക്കുന്ന വീഡിയോ ടീം മാനേജ്മന്റ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത് ഇതിനോടകം നിരവധി ഫുട്‌ബോള്‍ പ്രേമികളേയാണ് ആകര്‍ഷിച്ചത്.

About the author

Related

JOIN THE DISCUSSION