ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിന് 18 മാസത്തിന് ശേഷം മോചനം

മസ്‌കറ്റ് :ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു. യെമനിലെ ഏദനില്‍ നിന്ന് ഭീകര്‍ തടവിലാക്കിയ വൈദികന്‍ 18 മാസത്തിന് ശേഷമാണ് മോചിതനാകുന്നത്.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ ഇടപെട്ടതോടെയാണ് ടോമിന്റെ മോചനത്തിന് കളമൊരുങ്ങിയത്.വൈദികന്റെ മോചനം ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിച്ചു. 2016 മാര്‍ച്ച് 4 ന് രാവിലെ 8.30 ഓടെയാണ് ഭീകരര്‍ ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടുപോയത്. മദര്‍തെരേസ രൂപം നല്‍കിയ മിഷനറീസ് ഓഫ് ചാരിറ്റി, യെമനിലെ ഏദനില്‍ നടത്തിയ വൃദ്ധസദനം ആക്രമിച്ചാണ് ഇദ്ദേഹത്തെ പിടികൂടി ഭീകരര്‍ തടവിലാക്കിയത്.16 പേരെ കൊലപ്പെടുത്തിയ ശേഷമാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. യെമനില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ഇല്ലാത്തതും പ്രദേശത്തിന്റെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിലായതും മോചനം നീളാന്‍ കാരണമായി. ഇതിനിടെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫാദറിന്റെ വീഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഫാദറിനെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.പാര്‍ലമെന്റില്‍ വിഷയം പലകുറി ഉന്നയിക്കപ്പെടുകയും ചെയ്തു. കൂടാതെ വത്തിക്കാനും വിഷയത്തില്‍ ഇടപെട്ടു. ഇന്ത്യന്‍ ആവശ്യം അംഗീകരിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് സക്രിയമായി ഇടപെട്ടതോടെ മോചനം സാധ്യമാവുകയായിരുന്നു.

About the author

Related

JOIN THE DISCUSSION