അടിമാലിയില്‍ സാമൂഹ്യ പ്രവര്‍ത്തകയെ കുത്തിക്കൊന്ന് ഇടത് മാറിടം മുറിച്ചുകൊണ്ടുപോയ പ്രതി പിടിയില്‍

അടിമാലി : സാമൂഹ്യ പ്രവര്‍ത്തകയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇടതുമാറിടം മുറിച്ചുകൊണ്ടുപോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇരുമ്പുപാലം പതിനാലാംമൈല്‍ ചാരുവിള പുത്തന്‍വീട് സിയാദിന്റെ ഭാര്യ സെലീനയെ അരുംകൊല ചെയ്ത തൊടുപുഴ സ്വദേശി ഗിരോഷ് ആണ് പിടിയിലായത്. വണ്ടമറ്റത്തെ പടികുഴയില്‍ വീട്ടില്‍ നിന്നാണ് ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 30 കാരനെ അറസ്റ്റ് ചെയ്തത്. മുന്‍പ് പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ സെലീനിയിടപെട്ട് ഗിരോഷിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചതും കടം വാങ്ങിയ പണം തിരികെ നല്‍കാത്തതുമാണ് പ്രതിയുടെ വൈരാഗ്യത്തിന് കാരണമായത്. സംഭവം ഇങ്ങനെ. 2015 ല്‍ ഗിരോഷ് തന്റെ അടിമാലിയിലെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതോടെ സാമൂഹ്യപ്രവര്‍ത്തകയും കൗണ്‍സിലറുമായ സെലീനയുടെ മധ്യസ്ഥതയില്‍,കുട്ടി പ്രായപൂര്‍ത്തിയാകുമ്പോള്‍ ഗിരോഷ് വിവാഹം കഴിക്കണമെന്ന വ്യവസ്ഥയുണ്ടാക്കി.ഇതോടെ സംഭവം കേസായില്ല. 2015 ഏപ്രിലില്‍ ഗിരോഷ് പ്രസ്തുത പെണ്‍കുട്ടിയെ വിവാഹം ചെയ്തു. അന്നുമുതല്‍ ഗിരോഷിന് സെലീനയോട് കടുത്ത പ്രതികാര വാഞ്ഛയുണ്ടായിരുന്നു. എന്നാല്‍ ഇത് ഇയാള്‍ പുറത്തുകാണിച്ചില്ല. ഒരു വര്‍ഷം മുന്‍പ് ഒരു ധനകാര്യ സ്ഥാനത്തില്‍ നിന്ന് ലോണെടുത്ത് സെലീന ഒരു വാഹനം വാങ്ങി. ഗിരോഷായിരുന്നു ജാമ്യക്കാരന്‍ . എന്നാല്‍ മൂന്ന് തവണയില്‍ കൂടുതല്‍ അടവ് മുടങ്ങി. കൂടാതെ ഗിരോഷില്‍ നിന്ന് പണം കടംവാങ്ങുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ അകന്നു. ഗിരോഷ് സെലീനയ്‌ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കി. ഭാര്യയുടെ പ്രസവത്തിനായി പണം ആവശ്യപ്പെട്ടിട്ടും സെലീനയില്‍ നിന്ന് അനുകൂല മറുപടിയുണ്ടായില്ല. ഇതോടെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ ഇയാള്‍ സെലീനയുടെ വീട്ടിലെത്തി വീണ്ടും പണം ആവശ്യപ്പെട്ടു.സെലീന പണം നല്‍കാന്‍ തയ്യാറിയില്ല. ഇയാള്‍ കത്തി ഉപയോഗിച്ച് സെലീനയെ കഴുത്തിന് കുത്തി. തുടര്‍ന്ന് മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഇടത് മാറിടം മുറിച്ചെടുത്ത് പ്ലാസ്റ്റിക് കവറില്‍ വീട്ടിലേക്ക് കൊണ്ടുപോയി.സെലീനയുടെ ഭര്‍ത്താവ് രാത്രി വീട്ടിലെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീടിന് തൊട്ടടുത്ത സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

About the author

Related

JOIN THE DISCUSSION