ദിലീപ് പുറത്തിറങ്ങിയേക്കുമോ? ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്ന വാദങ്ങളുമായാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലില്‍ നിന്ന് തനിക്ക് അയച്ച കത്ത് ലഭിച്ചപ്പോള്‍ തന്നെ ഡി.ജി.പിയ്ക്ക് വാട്‌സ്അപ് വഴി കൈമാറിയെന്ന് ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നു. 
പ്രശസ്ത അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ള മുഖേനയാണ് ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്.
പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തെ പ്രതിരോധത്തിലാക്കുന്ന നീക്കവുമായാണ് ദിലീപ് എത്തിയിരിക്കുന്നത്. നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം അന്ന് തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്ന് നടന്‍ ദിലീപ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. പള്‍സര്‍ സുനിയുമായുള്ള ഫോണ്‍ സംഭാഷണവും മറ്റെല്ലാ വിവരങ്ങളും ഡിജിപിയ്ക്ക് വാട്‌സ് ആപ് വഴി കൈമാറിയിരുന്നു. രണ്ട് ദിവസത്തിനകം രേഖാമൂലം പരാതിയും നല്‍കി. കത്ത് കിട്ടി ഇരുപത് ദിവസം കഴിഞ്ഞാണ് പരാതി കൈമാറിയതെന്ന അന്വേഷണ സംഘത്തിന്റെ വാദത്തെയാണ് ദിലീപ് ചോദ്യം ചെയ്യുന്നത്. ഇതൊടൊപ്പം എ.ഡി.ജി.പി ബി. സന്ധ്യയ്‌ക്കെതിരെയും ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപണം ഉയര്‍ത്തിയിരുന്നു. സിനിമ മേഖലയില്‍നിന്ന് തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടന്നത് അതിന്റെ ഭാഗമായാണ് തന്നെ പ്രതിചേര്‍ത്തിയിരിക്കുന്നതെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. പള്‍സര്‍ സുനി ബ്ലാക്ക്‌മെയിലിംഗിനുള്ള ശ്രമമാണ് നടത്തിയതെന്നും തന്നെ ബോധപൂര്‍വ്വം ഈ കേസിലേയ്ക്ക് ചേര്‍ക്കുകയായിരുന്നുവെന്നും ദിലീപ് പറയുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. പണം തട്ടുകയാണ് പള്‍സര്‍ സുനിയുടെ ശ്രമമെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ പറയുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പിടികൂടിയില്ല, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ നേരത്തെ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നത്. ഇത് പരിഗണിച്ചാണ് ഹൈക്കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയത്. 
എന്നാല്‍ ഇതിന് ശേഷം അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കി. മൊബൈല്‍ ഫോണ്‍ നശിപ്പിച്ച് കളഞ്ഞെന്ന് അഭിഭാഷകന്‍ പ്രതീഷ് ചാക്കോ മൊഴി നല്‍കിയിട്ടുമുണ്ട്. അതിനാല്‍ ഇക്കാര്യങ്ങള്‍ നിരത്തി ഇനി ജാമ്യത്തെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന് കഴിയില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ വിലയിരുത്തുന്നത്.

About the author

Related

JOIN THE DISCUSSION